ഷിംല: സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടറായ ഹിമാചല്‍ പ്രദേശ് സ്വദേശി ശ്യാം സരണ്‍ നേഗി അന്തരിച്ചു. 1951ല്‍ ഒക്‌ടോബർ 25നാണ് 105കാരനായ നേഗി ആദ്യമായി സമ്മതിദാനവകാശം വിനിയോഗിച്ചത്. ഇക്കഴിഞ്ഞ നവംബർ 2ന് അവസാന വോട്ടും രേഖപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡർ കൂടിയായിരുന്ന നേഗിയുടെ മടക്കം.
ജന്മനാടായ കല്‍പയില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അന്ത്യം. ഔദ്യോഗിക ബഹുമതികളോടെ നേഗിയുടെ സംസ്‌കാരം നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ വര്‍ഷത്തെ ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് നേഗി പോസ്റ്റല്‍ വോട്ടാണ് ചെയ്‌തത്.
1917 ജൂലൈ ഒന്നിന് ഹിമാചല്‍ പ്രദേശിലെ കിന്നൗർ ജില്ലയിലാണ് നേഗിയുടെ ജനനം. കല്‍പയിലുള്ള സ്‌കൂളില്‍ അധ്യാപകനായി സേവനമനുഷ്‌ഠിച്ചു. ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ പോളിങ് ഡ്യൂട്ടിക്കായി തെരഞ്ഞെടുത്തതിനെ തുടർന്നാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറാകാനുള്ള അവസരം നേഗിയെ തേടിയെത്തിയത്.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പ് 1952 ഫെബ്രുവരിയിലാണ് നടന്നത്. എന്നാല്‍ ഹിമാചല്‍ പ്രദേശിലെ ആദിവാസി മേഖലകളിലെ മഞ്ഞുവീഴ്‌ച കണക്കിെലടുത്ത് സംസ്ഥാനത്തെ വോട്ടെടുപ്പ് അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് നടത്തുകയായിരുന്നു. 1951 ഒക്‌ടോബറിലാണ് ഹിമാചല്‍ പ്രദേശില്‍ ആദ്യ പൊതു തെരഞ്ഞെടുപ്പ് നടന്നത്.
1952ന് ശേഷമുള്ള എല്ലാ ലോക്‌സഭ, നിയസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലും വോട്ട് രേഖപ്പെടുത്താന്‍ നേഗി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 2007ല്‍ നേഗിയെ സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ വോട്ടറായി പ്രഖ്യാപിച്ചു. 2010 ജൂണില്‍ അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നവീന്‍ ചൗള കല്‍പയിലെ യോഗത്തില്‍ വച്ച് നേഗിയെ നേരിട്ട് അഭിനന്ദിച്ചിരുന്നു.