ബെംഗളൂരു: നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഗുണ്ടാ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാജഗോപാൽ നഗറിലെ ചഡ്ഡി കിരൺ എന്നറിയപ്പെടുന്ന കിരണിനെയാണ് നന്ദിനി ലേയൗട്ട് പൊലീസ് കാലില്‍ വെടിവെച്ച് വീഴ്ത്തിയ ശേഷം അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളിയായ പ്രതി ദസയെയും പോലീസ് അറസ്റ്റ് ചെയ്തു. ലാഗെറിനടുത്തുള്ള ആശുപത്രിയിൽ കിരൺ ഇപ്പോൾ ചികിൽസയിലാണ്.
മാർച്ച് രണ്ടിന് കിരൺ ഒരാളെ കത്തികൊണ്ട് കുത്തി പരിക്കേൽപിച്ച ശേഷം രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. ലാഗെറിനടുത്ത് കിരൺ ഉണ്ടെന്ന് അറിഞ്ഞ് നന്ദിനി ലേയൗട്ട് പൊലീസ് സ്റ്റേഷനിലെ പിഎസ്ഐ നവീദിന്‍റെ നേതൃത്വത്തിലുള്ള സംഘം അവിടേക്ക് ചെല്ലുകയായിരുന്നു. പൊലീസിനെ കണ്ട പ്രതി ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചു. ആക്രമണത്തിൽ പോലീസ് കോൺസ്റ്റബിൾ ബസവണ്ണയ്ക്ക് പരിക്കേറ്റു. സ്വയം പ്രതിരോധത്തിനായി പിഎസ്‌ഐ നവീദ് പ്രതിയുടെ കാലിലേക്ക് വെടിയുതിർക്കുകയായിരുന്നു.