ചെന്നൈ : തമിഴ്‌നാട്ടിലെ മധുരയിൽ പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് മരണം. 11 പേർ ഗുരുതരാവസ്ഥയിൽ. അഴഗുസസിരായ് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന അനുഷിയ വള്ളിയപ്പന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വിബിഎം എന്ന പടക്ക നിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്.
പ്ലാന്‍റിന്‍റെ ഒന്നാം ബ്ലോക്കിൽ സ്‌ഫോടനം നടക്കുകയും പിന്നീട് രണ്ടാം ബ്ലോക്കിലേക്ക് തീ വ്യാപിക്കുകയുമായിരുന്നു. രഘുപതി കൊണ്ടമ്മൽ, വടക്കാംപട്ടി സ്വദേശി വല്ലരസു, കൽഗുപട്ടി സ്വദേശികളായ വിക്കി, അമ്മാസി, ഗോപി എന്നിവരാണ് മരിച്ചത്. ഉച്ചഭക്ഷണ സമയത്താണ് അപകടമെന്നതിനാല്‍ വലിയതോതിലുള്ള ജീവഹാനി ഒഴിവായി.
അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. സ്‌ഫോടനം നടന്ന കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്നറിയാൻ തെരച്ചിൽ നടത്തിവരികയാണ്. മന്ത്രി പി മൂർത്തി, മുൻ മന്ത്രി ആർബി ഉദയകുമാർ, ജില്ല കലക്‌ടർ അനീഷ് ശേഖർ എന്നിവർ സ്‌ഫോടനം നടന്ന സ്ഥലത്തെത്തി. തമിഴ്‌നാട് ഗവർണർ ആർഎൻ രവി, മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉള്‍പ്പടെയുള്ളവർ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി.