ബെംഗളൂരു: ആനേക്കലില്‍ പടക്ക ഗോഡൗണിന് തീപിടിച്ച് 11 മരണം (Fire Caught In Firecracker Godown In Bengaluru). ബെംഗളൂരു- ഹൊസൂര്‍ അന്തര്‍ സംസ്ഥാന പാതയിലെ ബാലാജി ക്രാക്കേഴ്‌സ് ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് (ഒക്‌ടോബര്‍ 7) വൈകിട്ടാണ് സംഭവം.
20 തൊഴിലാളികളാണ് ഗോഡൗണിലുണ്ടായിരുന്നത്. ഇതില്‍ നാല് പേര്‍ രക്ഷപ്പെട്ടു. നിരവധി ആളുകള്‍ ഗോഡൗണിന്‍റെ അവശിഷ്‌ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പൊലീസ്.
ആനേക്കല്‍ സ്വദേശിയായ നവീന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് സംഭവം. ദീപാവലിക്ക് വേണ്ടി ഗോഡൗണില്‍ എത്തിച്ച പടക്കം ലോറിയില്‍ നിന്നും ഇറക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. ഇതോടെ സമീപത്തുണ്ടായിരുന്നു മറ്റ് വാഹനങ്ങളിലേക്ക് തീ പടര്‍ന്നു. സംഭവത്തിന് പിന്നാലെ അത്തിബെലെ പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തീപിടിത്തത്തില്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചു. ഗോഡൗണിലെ തീ ഇതുവരെയും പൂര്‍ണമായും അണക്കാന്‍ കഴിഞ്ഞിട്ടില്ല.
'ബാലാജി ക്രാക്കേഴ്‌സ് ഗോഡൗണിലേക്ക് വാഹനത്തില്‍ കൊണ്ടുവന്ന പടക്കം ഇറക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്ന്' ബെംഗളൂരു റൂറല്‍ എസ്‌പി മല്ലികാര്‍ജുന ബാലദണ്ടി പറഞ്ഞു. തീപിടിത്തത്തില്‍ കടയും വീടും പൂര്‍ണമായും കത്തി നശിച്ചു. നിലവില്‍ 80 ശതമാനം മാത്രമെ തീ നിയന്ത്രണ വിധേയമായിട്ടുള്ളൂവെന്നും തീ പൂര്‍ണമായും അണച്ചതിന് ശേഷമെ ഗോഡൗണില്‍ കുടുങ്ങി കിടക്കുന്നവരെ കുറിച്ച് വിവരം ലഭിക്കുകയുള്ളൂവെന്നും എസ്‌പി പറഞ്ഞു. തീപിടിത്തത്തില്‍ കടയുടമ നവീനിനും പൊള്ളലേറ്റിട്ടുണ്ട്. ഗോഡൗണിന്‍റെ ലൈസന്‍സ് സംബന്ധിച്ച് അന്വേഷണ സംഘം പരിശോധന നടത്തുകയാണെന്നും എസ്‌പി മല്ലികാര്‍ജുന ബാലദണ്ടി പറഞ്ഞു.