റാഞ്ചി : ഗോത്ര വിഭാഗത്തില്‍പ്പെട്ട ജോലിക്കാരിയെ ക്രൂരമായി മർദിച്ചതിന് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും ബിജെപി നേതാവുമായ മഹേശ്വര്‍ പത്രയുടെ ഭാര്യയ്‌ക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്‌തു. ഐപിസി 323, 325, 346, 347 വകുപ്പുകള്‍, 1989 ലെ എസ്‌സി-എസ്‌ടി ആക്‌ട് വകുപ്പുകള്‍ എന്നിവ പ്രകാരമാണ് സീമ പത്രയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. അതേസമയം സീമ പത്ര ഒളിവിലാണ്.
കഴിഞ്ഞ എട്ട് വര്‍ഷമായി മഹേശ്വര്‍ പത്രയുടെ വീട്ടില്‍ ജോലി ചെയ്‌തുവരികയായിരുന്നു സുനിത. ഇവര്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ അനുവാദമുണ്ടായിരുന്നില്ല. ഭക്ഷണവും വെള്ളവും നല്‍കാതെ സീമ തന്നെ മുറിയില്‍ പൂട്ടിയിടുകയും നിരന്തരം ക്രൂരമായി മര്‍ദ്ദിക്കുകയും നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തിരുന്നുവെന്ന് സുനിത പൊലീസിന് മൊഴി നല്‍കി.
മര്‍ദ്ദന വിവരം പുറത്തറിയാതിരിക്കാന്‍ മകനെ മാനസികരോഗിയാക്കി : പേഴ്‌സണൽ ഡിപ്പാർട്ട്‌മെന്റ് ഓഫിസറായ വിവേക് ബാസ്‌കിയാണ് സുനിതയ്‌ക്കെതിരെ നടന്ന അതിക്രമങ്ങളെക്കുറിച്ച് ഡിസി രാഹുൽ കുമാർ സിൻഹയ്‌ക്ക് വിവരം നല്‍കിയത്. തുടര്‍ന്ന് ഓഗസ്റ്റ് 22ന് പൊലീസെത്തി സുനിതയെ രക്ഷപ്പെടുത്തുകയായിരുന്നു. ശരീരത്തില്‍ പൊള്ളലേറ്റ നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് സുനിതയെ റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ ചികിത്സയ്‌ക്ക് വിധേയമാക്കി.
സീമ മുഖത്തടിച്ചതിനെ തുടര്‍ന്ന് സുനിതയുടെ പല്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സീമ പത്രയുടെ മകൻ ആയുഷ്മാൻ വീട്ടുജോലിക്കാരിയോടുള്ള ക്രൂരമായ പെരുമാറ്റത്തെ എതിർത്തതിനെ തുടര്‍ന്ന് സംഭവം മറച്ചുവയ്‌ക്കാന്‍ അവനെ മാനസിക രോഗിയാക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ന് (30.08.2022) സെക്ഷൻ 164 പ്രകാരം മജിസ്‌ട്രേറ്റ് മര്‍ദ്ദനത്തിനിരയായ സുനിതയുടെ മൊഴി രേഖപ്പെടുത്തി. ഡിഎസ്‌പി രാജ മിത്രയ്‌ക്കാണ് അന്വേഷണ ചുമതല.