ചണ്ഡീഗഢ്: പഞ്ചാബ് കോൺഗ്രസ് പ്രസിഡന്‍റ് നവജോത് സിങ് സിദ്ദുവിന്‍റെ സ്ഥാനാരോഹണത്തിൽ പങ്കെടുത്ത നിരവധി കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച സാഹചര്യത്തിലാണ് പൊലീസ് കേസ്. ഐപിസി സെക്ഷൻ 188, ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തത്. പരിപാടിയിൽ പങ്കെടുക്കാനായി വിവിധ ജില്ലകളിൽ നിന്ന് നിരവധി കോൺഗ്രസ് പ്രവർത്തകരാണ് പഞ്ചാബ് കോൺഗ്രസ് ഭവനിലെത്തിയത്.
മാസ്‌ക് ധരിക്കാത്തതിനാലും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തിരുന്നതിനാലുമാണ് കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. സെക്‌ടർ 11 പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്‌തത്. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു വെള്ളിയാഴ്‌ചയാണ് (ജൂലൈ 23) സ്ഥാനമേറ്റത്.
ഞായറാഴ്‌ചയാണ് ( ജൂലൈ 18) സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി സിദ്ദുവിനെ സോണിയ ഗാന്ധി നിയമിച്ചത്. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും സിദ്ദുവും തമ്മിലുള്ള പരസ്യ പോരിന് പരിഹാര ഫോര്‍മുലയായായിരുന്നു ഹൈക്കമാന്‍ഡിന്‍റെ നടപടി. എന്നാല്‍ നിയമനത്തിന് പിന്നാലെ മുഖ്യമന്ത്രിയെ കാണാൻ സിദ്ദു സമയം ആവശ്യപ്പെട്ടിട്ടില്ലെന്ന് അമരീന്ദർ സിങ്ങിന്‍റെ മാധ്യമ ഉപദേഷ്ടാവ് ട്വീറ്റ് ചെയ്തിരുന്നു.
READ MORE: പഞ്ചാബ് കോണ്‍ഗ്രസിന്‍റെ അധ്യക്ഷനായി സിദ്ദു വെള്ളിയാഴ്ച ചുമതലയേല്‍ക്കും