പട്‌ന: അടിവസ്ത്രം ധരിച്ച് ട്രെയിൻ യാത്ര നടത്തുകയും ചോദ്യം ചെയ്തവർക്ക് നേരെ അസഭ്യവർഷം നടത്തുകയും ചെയ്ത ജെഡിയു എംഎൽഎയ്ക്ക് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഭോജ്‌പൂർ എംഎൽഎ ഗോപാൽ മണ്ഡലിനെതിരെയാണ് ആര ജിആർപി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
രാജേന്ദ്ര നഗറിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പോയ തേജസ് രാജധാനി എക്സ്‌പ്രസിലാണ് ഗോപാൽ മണ്ഡൽ അടിവസ്ത്രത്തിൽ യാത്ര ചെയ്തത്. ചോദ്യം ചെയ്ത ട്രെയിൻ യാത്രികനെ എംഎൽഎ അസഭ്യം പറയുകയും ചെയ്തിരുന്നു. തന്‍റെ കൂപ്പയിൽ നിന്ന് എംഎൽഎ ശുചിമുറിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.
എംഎൽഎ യാത്ര ചെയ്ത കോച്ചിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്ത ജെഹനാബാദ് സ്വദേശി പ്രഹ്ലാദ് പസ്വാൻ ആണ് സ്ത്രീകൾ ഉൾപ്പെടെ യാത്ര ചെയ്യുന്ന കോച്ചിൽ അടിവസ്ത്രത്തിൽ നടക്കുന്നത് ചോദ്യം ചെയ്തത്. എന്നാൽ അയാൾക്ക് നേരെ അസഭ്യവർഷം ചൊരിയുകയാണ് എംഎൽഎ ചെയ്തത്. ആർപിഎഫ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
അടിവസ്ത്രം ധരിച്ച് ട്രെയിനുള്ളിൽ നിൽക്കുന്ന എംഎൽഎയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവത്തിൽ എംഎൽഎ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Also Read: അനുനയവുമായി സംസ്ഥാന നേതൃത്വം; വി.ഡി സതീശൻ ഉമ്മൻചാണ്ടിയുമായി ചർച്ച നടത്തി
സംഭവത്തെ കുറിച്ച് പ്രതികരിച്ച എംഎൽഎ തന്‍റെ വയറ് അസ്വസ്ഥമായതിനാലാണ് അടിവസ്ത്രത്തിൽ നടന്നതെന്നാണ് മറുപടി നൽകിയത്.