ബദൗണ്‍ (യുപി) : പാമ്പിനെ കൊന്നു എന്ന് പറഞ്ഞുകൊണ്ട് യുവാവിന്‍റെ വീഡിയോ. ഇത് വൈറലായതോടെ യുവാവ് നിയമക്കുരുക്കില്‍. ബിസൗലി കോട്വാലി സ്വദേശിയായ ജോബിന് എതിരെയാണ് കേസെടുത്തിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 9, 51 എന്നീ വകുപ്പുകള്‍ പ്രകാരമാണ് യുവാവിനെതിരെ കേസ്.
ജൂൺ എട്ടിനാണ് ജോബ് പാമ്പിനെ കൊന്നതായി സമ്മതിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. താൻ ഉറങ്ങുന്ന ഷെഡിന് താഴെ പാമ്പിനെ കണ്ടതായി യുവാവ് വീഡിയോയില്‍ പറയുന്നു. പാമ്പിനെ കൊന്ന് കത്തിക്കുകയായിരുന്നു എന്നാണ് ഇയാള്‍ പറഞ്ഞത്. കൂടാതെ പാമ്പ് കടിക്കുമെന്ന ഭയത്തിലാണ് താന്‍ കൊന്നതെന്നും ഇയാള്‍ ന്യായീകരിച്ചു.
വീഡിയോ വൈറലായതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകുകയായിരുന്നു. വനംവകുപ്പ് കൺസർവേറ്റർ കൃഷ്‌ണകുമാർ യാദവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജോബിന് എതിരെ വനസംരക്ഷണ നിയമപ്രകാരം കേസെടുത്തത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പാമ്പിന്‍റെ ജഡം അപ്പോഴേക്കും അവിടെ നിന്ന് നീക്കം ചെയ്‌തിരുന്നു.
സംഭവ സ്ഥലത്തുനിന്ന് ഒന്നും ലഭിച്ചില്ലെങ്കിലും വൈറല്‍ വീഡിയോ യുവാവിനെതിരെയുള്ള തെളിവാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വനംവകുപ്പ് സംഘം യുവാവിനെ ചോദ്യം ചെയ്‌തപ്പോൾ പാമ്പ് കടിച്ചാൽ ആരാണ് ഉത്തരവാദിയെന്ന് ഇയാള്‍ ചോദിച്ചിരുന്നു. യുവാവിന്‍റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട മൃഗസ്‌നേഹിയായ വിഭോര്‍ ശര്‍മയാണ് വനംവകുപ്പിനെ വിവരം അറിയിച്ചത്.
നേര്‍ക്ക് നോക്കി കുരച്ച നായയെ വെടിവച്ചു കൊന്നു : ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മഹാരാഷ്‌ട്രയിലെ ബീഡില്‍ നേര്‍ക്കുനോക്കി കുരച്ചെന്ന കാരണത്താല്‍ നായയെ വെടിവച്ച് കൊന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ബിംവാഡി സ്വദേശി രാംരാജ് കര്‍ബാരി ഗോല്‍വി എന്നയാളാണ് അയല്‍ക്കാരന്‍റെ വളര്‍ത്തുനായയെ വെടിവച്ച് കൊന്നത്. സംഭവത്തെ തുടര്‍ന്ന് നായയുടെ ഉടമ വികാസ് ഹരിബാബു ബന്‍സോഡെ പൊലീസില്‍ പരാതി നല്‍കി. ഇയാളുടെ പരാതിയില്‍ രാംരാജ് കര്‍ബാരി ഗോല്‍വിക്കെതിരെ പൊലീസ് കേസെടുത്തു.
നായയെ കെട്ടിത്തൂക്കി അടിച്ചുകൊന്നു : കേരളത്തില്‍ ഏറെ ചര്‍ച്ചയായതായിരുന്നു വളർത്തുനായയെ ചൂണ്ടയിൽ കെട്ടിത്തൂക്കി തല്ലിക്കൊന്ന സംഭവം. 2021 ജൂലൈയിലായിരുന്നു സംഭവം. തിരുവനന്തപുരം അടിമലത്തുറയിൽ മൂന്ന് പേര്‍ ചേര്‍ന്നാണ് വളര്‍ത്തുനായയെ കെട്ടിത്തൂക്കി തല്ലി കൊന്നത്. അടിമലത്തുറ സ്വദേശിയായ ക്രിസ്‌തുരാജിന്‍റെ ലാബ്രഡോര്‍ ഇനത്തില്‍ പെട്ട ബ്രൂണോ എന്ന നായയാണ് ആക്രമണത്തിന് ഇരയായത്. നായയെ കൊല്ലുന്നതിന്‍റെ ദൃശ്യങ്ങൾ ഇവർ തന്നെ മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്‌തു.
സംഭവത്തില്‍ പ്രദേശവാസികളായ ശിലുവയ്യൻ, സുനിൽ എന്നിവരുൾപ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ദിവസവും കടപ്പുറത്ത് പോകാറുണ്ടായിരുന്ന നായ, സംഭവ ദിവസവും കടപ്പുറത്ത് എത്തിയിരുന്നു. വള്ളത്തിനടിയില്‍ മയങ്ങുന്ന സമയത്താണ് മൂന്നംഗ സംഘം നായയെ ആക്രമിച്ചത്. സംഭവത്തില്‍ നായയുടെ ഉടമ വിഴിഞ്ഞം പൊലീസില്‍ ആദ്യം പരാതി നല്‍കിയെങ്കിലും പ്രതികള്‍ രാഷ്‌ട്രീയ സ്വാധീനം ഉള്ളവരായതിനാല്‍ പൊലീസ് നടപടി സ്വീകരിക്കുന്നതില്‍ വിമുഖത കാട്ടിയെന്ന് ആക്ഷേപം ഉണ്ടായിരുന്നു.
നായയെ കൊല്ലുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും വാർത്തയാവുകയും ചെയ്‌തതിന് പിന്നാലെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. തുടര്‍ന്ന് പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. വാർത്തകളിൽ നിന്ന് സംഭവം അറിഞ്ഞ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്‌തു.