ജയ്പൂര്‍: രാജസ്ഥാൻ ടെക്സ്റ്റ്ബുക്ക് ബോർഡിനും പ്രസാധകർക്കുമെതിരെ കേസെടുത്ത് പൊലീസ്. പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ ഇസ്ലാമിക ഭീകരതയെക്കുറിച്ച് പരാമർശിച്ചത് മതവികാരം വ്രണപ്പെടുത്താന്‍ കാരണമായി എന്നാണ് ആരോപണം. ഇതേതുടര്‍ന്ന് ബോര്‍ഡിനെതിരെയും, പ്രസാധക രായ സഞ്ജീവ് പാസ്ബുക്ക് പബ്ലിക്കേഷന്‍ ഉടമ മൊഹ്‌സീൻ റാഷിദ് ഖാനെതിരെയും പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഐപിസി 120 ബി ക്രിമിനൽ ഗൂഡാലോചന, 295 എ മതവികാരം വ്രണപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
ഹിന്ദിയിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തില്‍ "ഇസ്ലാമിക ഭീകരത ഇസ്ലാമിന്‍റെ ഒരു രൂപമാണ്" എന്നാണ് നിര്‍വചനം ചെയ്തിരിക്കുന്നത്. മുൻ ബിജെപി സർക്കാരിനു കീഴിൽ 2018ൽ പ്രസിദ്ധീകരിച്ച പാഠപുസ്തകം ഇപ്പോൾ പ്രചാരത്തിലില്ല. പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിന്‍റെ കൺവീനർ ആയ ഭന്‍വര്‍ സിംഗ് റാത്തോര്‍ ആണ് ഈ ഭാഗം എഴുതിയത്. 2020 സെപ്റ്റംബറിൽ അദ്ദേഹം മരിച്ചിരുന്നു .
സഞ്ജീവ് പാസ്ബുക്ക് പബ്ലിക്കേഷന്‍റെ ഓഫീസ് ബുധനാഴ്ച ഒരു കൂട്ടം ആളുകൾ ചേര്‍ന്ന് ആക്രമിച്ചിരുന്നു . സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് പുസ്തകങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചതായി സഞ്ജീവ് പബ്ലിക്കേഷൻ മാനേജർ വിജയ് ശുക്ല പറഞ്ഞു.