ന്യൂഡല്‍ഹി : കാളിയെ വികൃതമായി ചിത്രീകരിച്ചെന്ന ആരോപണത്തില്‍ ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര. മത വികാരം വ്രണപ്പെടുത്തിയ മൊയ്ത്രയെ അറസ്റ്റ് ചെയ്യണം എന്ന് ബിജെപിയുടെ ആവശ്യത്തിന് 'പറ്റുമെങ്കില്‍ നിങ്ങളുടെ പ്രവര്‍ത്തകരെ ചെയ്യൂ, ബിജെപിയുടെ ഗുണ്ടകളെ പേടിയില്ല' എന്നായിരുന്നു മൊയ്ത്രയുടെ പ്രതികരണം.
ഭോപ്പാലില്‍ എംപിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയായിരുന്നു അറസ്റ്റ് ആവശ്യപ്പെട്ട് ബിജെപി രംഗത്ത് എത്തിയത്. 'കാളി ഭക്തര്‍ ഒന്നിനേയും ഭയപ്പെടുന്നവരല്ല. തന്‍റെ ദൈവത്തെ എങ്ങനെ കാണണം എന്ന് തീരുമാനിക്കാനുള്ള അധികാരം ഓരോ വ്യക്തിക്കുമുണ്ട്. എന്‍റെ കാളി മദ്യം കഴിക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്യുമെന്ന് ഞാന്‍ കരുതുന്നു.
ഓരോ മനുഷ്യനും തന്‍റേതായ ആചാരങ്ങളും വിശ്വാസങ്ങളും പിന്‍തുടരാന്‍ രാജ്യത്ത് അവകാശമുണ്ട്'- എന്നായിരുന്നു മൊയ്ത്ര വിഷയത്തില്‍ നിലപാടെടുത്തത്. ഇതിനെതിരെയാണ് ബിജെപി രംഗത്തെത്തിയത്. എന്നാല്‍ മൊയ്ത്രയുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസ് അവരുടെ പ്രസ്താവനയെ തള്ളിപ്പറഞ്ഞിരുന്നു.
അതേസമയം മൊയ്ത്രക്കെതിരായ വേട്ട ഞെട്ടലുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പ്രതികരിച്ചത്. പ്രസ്താവന സംബന്ധിച്ച് ടിഎംസി മൊയ്ത്രയില്‍ നിന്ന് വിശദീകരണം തേടിയേക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. 10 ദിവസത്തിനകം പൊലീസ് നടപടിയെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ബംഗാൾ ബിജെപി ഘടകം വ്യക്തമാക്കി.
Also Read: 'സിഗരറ്റ് വലിക്കുന്ന കാളി'; സംവിധായിക ലീന മണിമേഖലയ്‌ക്കെതിരെ കേസെടുത്ത് യുപി പൊലീസും
മൊയ്‌ത്രയ്‌ക്കെതിരെ സംസ്ഥാനത്തുടനീളം നൂറുകണക്കിന് പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. നുപുര്‍ ശര്‍മക്കെതിരെ നടപടി എടുത്ത സര്‍ക്കാര്‍ എന്തുകൊണ്ട് മൊയ്ത്രക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. അതേസമയം ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ മഹുവ മൊയ്‌ത്ര എംപിക്കെതിരെ ഇന്ത്യൻ ശിക്ഷാവകുപ്പ് 295 എ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.