ലക്‌നൗ: ഉന്നാവോയില്‍ പെണ്‍കുട്ടികള്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ എട്ട് ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കെതിരെ നടപടി. കേസുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് പൊലീസിന്‍റെ നടപടി.
എഫ്‌ഐആര്‍ ചുമത്തിയ അക്കൗണ്ടുകളില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബര്‍ക്ക ദത്തിന്‍റെ 'ദ മേജോ സ്റ്റോറിയും' ഉള്‍പ്പെടുന്നു. ഭീം സേന നേതാവ് നവാബ് സത്‌പാല്‍ തന്‍വര്‍, നിലിം ദത്ത, ജന്‍ജഗ്രാന്‍ലൈവ്, ആസാദ് സമാജ് പാര്‍ട്ടി വക്താവ് സുരാജ് കെആര്‍ ബൗദ്, വിജയ് അംബേദ്‌കര്‍യുപി , അഭയ്‌കു മാര്‍ആസാദ്97, രാഹുല്‍ദിവ്‌കര്‍ എന്നീ അക്കൗണ്ടുകള്‍ക്കെതിരെയും ഉന്നോവോ പൊലീസ് എഫ്‌ഐആര്‍ ചുമത്തിയിച്ചുണ്ട്.
നേരത്തെ ട്വീറ്റിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ച് മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ ഉദിത് രാജിനെതിരെ ഉന്നോവോ പൊലീസ് കേസെടുത്തിരുന്നു. വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡനത്തിനിരയായിരുന്നുവെന്നും ഇവരുടെ മരണാനന്തര ചടങ്ങുകള്‍ കുടുംബത്തിന്‍റെ ആഗ്രഹപ്രകാരമല്ല നടത്തിയതെന്നും ഈ എട്ട് ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെയും ട്വീറ്റ് ചെയ്‌തതായി പൊലീസ് വ്യക്തമാക്കുന്നു. കലാപമുണ്ടാക്കുന്നതിനായി ഇവര്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതായാണ് പൊലീസിന്‍റെ ആരോപണം. ഐടി ആക്‌ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലാത്സംഗം സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ ഇതുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ പ്രചരിക്കുന്ന ചില ട്വീറ്റുകള്‍ നീക്കം ചെയ്‌തതായി ഉന്നാവൊ എസ്‌പി അനന്ദ് കുല്‍ക്കര്‍ണി വ്യക്തമാക്കി. പെണ്‍കുട്ടികളുടെ അവസാന ചടങ്ങുകള്‍ നടത്താന്‍ പൊലീസോ, ഭരണകൂടമോ ശ്രമിച്ചിട്ടില്ലെന്നും കുടുംബം തങ്ങളോട് പറഞ്ഞത് സൂറത്തിലുള്ള ബന്ധുക്കള്‍ എത്തിയതിന് ശേഷം അവര്‍ ചടങ്ങുകള്‍ നടത്തുമെന്നാണെന്ന് എസ്‌പി കൂട്ടിച്ചേര്‍ത്തു.