ന്യൂഡല്‍ഹി: ഒമിക്രോണ്‍ ഭീതി നിലനില്‍ക്കുന്നതിനിടെ, രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ (പിഎസ്‌ബികൾ) പ്രവര്‍ത്തനം വിലയിരുത്തി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പൊതുമേഖല ബാങ്കുകളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ കൊവിഡിനെ പ്രതിരോധിക്കുന്നതിനായി പൊതുമേഖല ബാങ്കുകള്‍ സ്വീകരിച്ച നടപടികള്‍ ധനമന്ത്രി വിലയിരുത്തി. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു കൂടിക്കാഴ്‌ച.
കൊവിഡ് മൂലം ഭാവിയിൽ ഉണ്ടാകാനിടയുള്ള സാമ്പത്തിക തടസങ്ങളെ നേരിടുന്നതിനുള്ള ബാങ്കുകളുടെ തയ്യാറെടുപ്പുകള്‍ യോഗത്തില്‍ ധനമന്ത്രി വിലയിരുത്തിയെന്ന് മന്ത്രാലയം പുറത്തുവിട്ട പ്രസ്‌താവനയില്‍ വ്യക്തമാക്കി. സംരംഭങ്ങള്‍ക്ക് ഈടില്ലാതെ ധനസഹായം നല്‍കുന്ന എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി പദ്ധതിയുടെ (ഇസിഎൽജിഎസ്) വിജയത്തെ നിര്‍മല സീതാരാമന്‍ അഭിനന്ദിച്ചു.
കൊവിഡ് മൂലം ബുദ്ധിമുട്ട് നേരിടുന്ന മേഖലകളെ പിന്തുണയ്ക്കുന്നതിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് ധനമന്ത്രി പറഞ്ഞു. കാർഷിക മേഖല, കർഷകർ, റീട്ടെയിൽ മേഖല, എംഎസ്എംഇകൾ എന്നി വിഭാഗങ്ങളെ തുടർന്നും പിന്തുണയ്ക്കണമെന്ന് നിര്‍മല സീതാരാമന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടു.
ഒമിക്രോണ്‍ വ്യാപനം മൂലമുണ്ടായ തിരിച്ചടിക്കിടയിലും വ്യാപാര രംഗം മെച്ചപ്പെടുന്നുണ്ടെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. കൊവിഡിനെതിരെ പോരാടാന്‍ കോൺടാക്റ്റ് ഇന്‍റന്‍സീവ് മേഖലകള്‍ക്ക് (ടൂറിസം, ഹോട്ടല്‍ തുടങ്ങിയ മേഖലകള്‍) കൂടുതൽ പിന്തുണ ആവശ്യമായി വരുമെന്ന് മന്ത്രി പറഞ്ഞു.
റീട്ടെയിൽ വിഭാഗങ്ങളിലെ വളർച്ച, മൊത്തത്തിലുള്ള മാക്രോ ഇക്കണോമിക് രംഗത്തെ പുരോഗതി, കടം വാങ്ങുന്നവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നത് എന്നിവ കണക്കിലെടുത്ത് ക്രെഡിറ്റ് ഡിമാൻഡ് ഇനിയും ഉയരുമെന്ന് ധനമന്ത്രി പറഞ്ഞു. കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കിസൻറാവു കരാദ്, ധനകാര്യ സേവന വകുപ്പ് സെക്രട്ടറി ദേബാശിഷ് പാണ്ഡ, ധനമന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും അവലോകന യോഗത്തിൽ പങ്കെടുത്തു.
Also read: OMICRON INDIA: വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവർക്ക് ഏഴ് ദിവസം ഹോം ക്വാറന്‍റൈൻ നിർബന്ധം