ഗോഡ്ഡ(ജാർഖണ്ഡ്) : പുരുഷന്‍റെ ശരീരത്തിൽ സ്ത്രീകളുടെ പ്രത്യുത്‌പാദന അവയവങ്ങളായ ഗർഭപാത്രവും അണ്ഡാശയവും ഉണ്ടാകുമോ? ഒരിക്കലുമില്ല എന്ന് പറയാൻ വരട്ടെ. കാരണം ജാർഖണ്ഡിലെ ഗോഡ്ഡ ജില്ലയിൽ 22 കാരനായ യുവാവിന്‍റെ വയറ്റിൽ നിന്ന് ഗർഭപാത്രവും അണ്ഡാശയവും ഫാലോപ്യൻ ട്യൂബും നീക്കം ചെയ്‌തിരിക്കുകയാണ് ഡോക്‌ടർമാർ. ദശലക്ഷത്തിൽ ഒരാളിൽ മാത്രം കാണുന്ന പെർസിസ്റ്റന്‍റ് മുലേറിയന്‍ ഡക്‌ട് സിൻഡ്രോം (Persistent Mullerian Duct Syndrome - PMDS) എന്ന അവസ്ഥയാണ് ഇതിന് കാരണം.
കണ്ടുപിടിച്ചത് വയറുവേദനയിൽ നിന്ന്: കഴിഞ്ഞ കുറച്ചുനാളുകൾ വരെ സാധാരണ ജീവിതമായിരുന്നു യുവാവ് നയിച്ചിരുന്നത്. എന്നാൽ അടുത്തിടെ ഇയാൾക്ക് നിരന്തരം കലശലായ വയറുവേദന അനുഭവപ്പെടാൻ തുടങ്ങി. പിന്നാലെ ചികിത്സയ്‌ക്കായി ഡോക്‌ടറെ സമീപിച്ചു. യുവാവിന് കുട്ടിക്കാലം മുതൽക്കേ വലതുവശത്ത് ഇൻഗ്വിനൽ ഹെർണിയ (ഞരമ്പിലോ വൃഷണ സഞ്ചിയിലോ ഉണ്ടാകുന്ന വീക്കം) ഉണ്ടായിരുന്നുവെന്നും എന്നാൽ യുവാവിന് വലതുവശത്ത് വൃഷണം ഇല്ലാത്തതിനാൽ അത് ചികിത്സിക്കാൻ കഴിയില്ലെന്നും ഡോക്‌ടർ അറിയിച്ചു.
തുടർന്ന് നടത്തിയ അൾട്രാസൗണ്ട് സ്‌കാനിങ്ങിലാണ് യുവാവിന്‍റെ ശരീരത്തിൽ ഗർഭപാത്രം ഉൾപ്പടെയുള്ള അവയവങ്ങൾ ഉള്ളതായി കണ്ടെത്തിയത്. തുടർന്ന് ഇവ നീക്കം ചെയ്യുന്നതിനായി യുവാവിനെ ശസ്‌തക്രിയക്ക് വിധേയനാക്കുകയായിരുന്നു. അതേസമയം യുവാവിന്‍റെ ശരീരത്തിൽ സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങൾ പൂർണമായി വികസിച്ചിരുന്നുവെന്ന് ശസ്‌ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. താര ശങ്കർ ഝാ പറഞ്ഞു.
ഗർഭപാത്രം, അണ്ഡാശയം, ഫാലോപ്യൻ ട്യൂബുകൾ എന്നിവ യുവാവിൽ പൂർണമായി വികസിച്ചിരുന്നു. ദശലക്ഷത്തിൽ ഒരാൾക്ക് മാത്രമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഇതിനെ ട്രൂ ഹെർമാഫ്രോഡൈറ്റ് എന്നാണ് വിളിക്കുന്നത്. മെഡിക്കൽ ഭാഷയിൽ ഇതിനെ പെർസിസ്റ്റന്‍റ് മുലേറിയന്‍ ഡക്‌ട് സിൻഡ്രോം എന്നാണ് പറയുക. രണ്ട് ലിംഗത്തിൽ പെട്ടവരുടെ ആന്തരികാവയവങ്ങൾ ഒരു വ്യക്‌തിയിൽ ഉണ്ടാകുന്ന അവസ്ഥയാണിത്. ഡോ. താര ശങ്കർ വ്യക്‌തമാക്കി.
ALSO READ: കുട്ടികളിൽ ശ്വാസോച്ഛ്വാസത്തിലൂടെ രോഗം പടരാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ
അതേസമയം ശസ്‌ത്രക്രിയയിലൂടെ അവയവങ്ങള്‍ നീക്കം ചെയ്‌തുവെന്നും യുവാവ് ഇപ്പോൾ സുരക്ഷിതനാണെന്നും ഡോ. താര ശങ്കർ അറിയിച്ചു. യുവാവിന്‍റെ വിവരങ്ങൾ രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഇത്തരം കേസുകൾ ലോകത്ത് വളരെ ചുരുക്കം എണ്ണം മാത്രമേ റിപ്പോർട്ട് ചെയ്‌തിട്ടുള്ളൂ. ഇതിൽ പലരും ശസ്‌ത്രക്രിയക്ക് ശേഷം സാധാരണ രീതിയിൽ തന്നെ ദാമ്പത്യ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നുണ്ടെന്നും ഡോക്‌ടർ വ്യക്‌തമാക്കി.