ലഖ്‌നൗ: ലോക്ക്ഡൗണിനെ തുടർന്ന് ജോലി നഷ്‌ടമായെങ്കിലും തളരാതെ പൂജ പാണ്ഡെ. നല്ല ജോലി നേടിയെടുക്കുക ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ പൂജ ഇ-റിക്ഷ ഡ്രൈവർ കുപ്പായമിട്ടു. ഇന്ന് വീടിനെ മുന്നോട്ട് കൊണ്ടുപോകാനുള്ള പണം ഇവർക്ക് ഇതിലൂടെ തന്നെ ലഭിക്കുന്നു. അതോടൊപ്പം രണ്ട് സ്‌ത്രീകൾക്കും ഡ്രൈവിങ് പഠിപ്പിക്കാനും പൂജക്ക് സാധിച്ചു.
കൊവിഡ് രണ്ടാം തരംഗത്തെ തുടർന്നാണ് പൂജക്ക് ജോലിക്ക് നഷ്‌ടമായത്. സെക്യൂരിറ്റി ജീവനക്കാരിയായാണ് പൂജ ജോലി ചെയ്‌തിരുന്നത്. കൊവിഡ് രണ്ടാം തരംഗത്തിൽ ജോലി ചെയ്‌തിരുന്ന കമ്പനി അടച്ചതിനെ തുടർന്ന് ദിവസ വേതന ജോലിയിൽ ഏർപ്പെടുകയായിരുന്നു. ജോലിയിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ഡ്രൈവിങ് മേഖലയിലേക്ക് മാറിയതെന്നും അതേ സമയം ഈ തൊഴിലിലും ബുദ്ധിമുട്ടുകൾ കുറവൊന്നുമല്ലെന്നും പൂജ പറയുന്നു.
റിക്ഷ ഡ്രൈവിങ് രംഗത്തേക്ക് കടന്നുവരുന്ന സ്‌ത്രീകളുടെ എണ്ണം കുറവാണെന്നും ഇത് സാമൂഹിക പരിസ്ഥിതിയുടെ പ്രശ്‌നമാണെന്നും പൂജ ചൂണ്ടിക്കാട്ടുന്നു. യാഥാസ്ഥിതിക ചിന്താഗതിക്കാരും, പൊലീസിന്‍റെ ചൂഷണവും, പുരുഷ ഓട്ടോ ഡ്രൈവർന്മാരുടെ മനോഭാവവുമെല്ലാം ഈ തൊഴിലിനെ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്. ഓരോ ദിവസവും പൂജക്ക് ഓരോ ഏറ്റുമുട്ടലുകളാണ്. എന്നാൽ ഈ പ്രശ്‌നങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്നും പൂജ പറയുന്നു.
ALSO READ: പ്രതീക്ഷ നഷ്ടപ്പെട്ടവർക്ക് പ്രകാശ കിരണമായി സിറിൽ ലോപ്പസിന്‍റെ ദയാനിലയം