ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ രൂക്ഷമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ നാട്ടിലേയ്ക്ക് മടങ്ങാനൊരുങ്ങി കുടിയേറ്റ തൊഴിലാളികള്‍. കഴിഞ്ഞ വര്‍ഷത്തിലേത് പോലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന ഭീതിയിലാണ് ആളുകള്‍ കൂട്ടമായി നാട്ടിലേയ്ക്ക് മടങ്ങുന്നത്. ചൊവ്വാഴ്ച മാത്രം 13,468 കേസുകളാണ് രാജ്യതലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുളളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.
കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ കാല്‍നടയായാണ് നാട്ടിലേയ്ക്ക് മടങ്ങിയതെന്നും, ഇത്തവണ പെട്ടെന്ന് തന്നെ നാട്ടിലേയ്ക്ക് മടങ്ങുന്നതാണ് ഉചിതമെന്നും യാത്രക്കാര്‍ പറയുന്നു. ഇനി ഡല്‍ഹിയിലേയ്ക്ക് ഇപ്പോഴൊന്നും ഒരു മടങ്ങി വരവ് ഉണ്ടാവില്ല എന്നാണ് ചിലര്‍ പറയുന്നത്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ രാത്രി 10 മുതല്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യമന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ടനുസരിച്ച് 43,510 സജീവ കേസുകള്‍ സംസ്ഥാനത്ത് നിലവിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,460 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ടെസ്റ്റ് നടത്തിയത്. ഒറ്റ ദിവസം 7,972 പേര്‍ രോഗമുക്തി നേടി. ഇതോടെ റിക്കവറി റേറ്റ് 92.67 ശതമാനമായി.
അതേസമയം മഹാരാഷ്ട്രയില്‍ മെയ് ഒന്നാം തീയതി വരെ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.