മുംബൈ : സാമൂഹ്യ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചു. 84 വയസായിരുന്നു. ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട എൽഗാർ പരിഷദ് കേസിൽ വിചാരണ നേരിട്ടുവരികയായിരുന്നു. കള്ളക്കേസില്‍ കുടുക്കി സ്റ്റാന്‍ സാമിയെ ഭരണകൂടം വേട്ടയാടുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നിരന്തരം ശബ്ദമുയര്‍ത്തുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ വിയോഗം.
2021 മെയ് 29നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ബാധിതനായിരുന്നു. ഞായറാഴ്‌ച പുലർച്ചെ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതായി ആശുപത്രി അധികൃതർ കോടതിയെ അറിയിച്ചു. തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
READ MORE: 'മൂന്നാം തരംഗം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കണം'; ആരോഗ്യവകുപ്പിനോട് കേന്ദ്രസംഘം
ശ്വാസകോശ സംബന്ധമായ അണുബാധ, പാർക്കിൻസൺസ് രോഗം, കൊവിഡാനന്തര പ്രശ്‌നങ്ങൾ എന്നിവയാണ് മരണകാരണം.
സ്റ്റാൻ സ്വാമിക്ക് അടിയന്തര വൈദ്യസഹായം നൽകുന്നതിൽ തലോജ ജയിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി സ്വാമിയുടെ അഭിഭാഷകൻ മിഹിർ ദേശായി ആരോപിച്ചു.
2020 ഒക്‌ടോബറിലാണ് സ്വാമിയെ എൻഐഎ അറസ്റ്റ് ചെയ്‌തത്. അതിനുശേഷം അദ്ദേഹം മുംബൈയിലെ തലോജ ജയിലിലായിരുന്നു.