അഹമ്മദാബാദ് : മൊബൈൽ ഫോണിന്‍റെ അമിത ഉപയോഗത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് പിതാവ് 15 കാരനായ മകന് നേരെ വെടിയുതിർത്തു. സൂറത്തിലെ കാംറെജിലാണ് വിമുക്‌ത ഭടനായ ധർമേന്ദ്ര ഭായ് ഓംപ്രകാശ് മകൻ പ്രിൻസിനും ഭാര്യക്കും നേരെ രണ്ട് റൗണ്ട് വെടിയുതിർത്തത്. വലതുകൈയ്‌ക്ക് വെടിയേറ്റ പ്രിൻസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓംപ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
കഴിഞ്ഞ തിങ്കളാഴ്‌ച രാത്രിയാണ് സംഭവം. വിമുക്‌ത ഭടനായ ഓംപ്രകാശ് ഭാര്യയ്ക്കും മകനുമൊപ്പം കാംറെജിലെ വാവ് ഗ്രാമത്തിലാണ് താമസം. സൂറത്തിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുകയാണ് ഇയാൾ. സംഭവ ദിവസം ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഓംപ്രകാശ് പഠനത്തിൽ ശ്രദ്ധിക്കാതെ അമിതമായി മൊബൈൽ ഉപയോഗിക്കുന്നതിന് പ്രിൻസിനെ ശകാരിച്ചു. തുടർന്ന് തർക്കം ഭാര്യയോടായി.
പിന്നാലെ രോഷാകുലനായ ഓംപ്രകാശ് തന്‍റെ റിവോൾവർ ഉപയോഗിച്ച് ഭാര്യക്കും മകനും നേരെ രണ്ട് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. ഇതിനിടെ രണ്ടാമത്തെ വെടിയുണ്ട പ്രിൻസിന്‍റെ കൈയ്യിൽ കൊള്ളുകയായിരുന്നു. വെടിയൊച്ച കേട്ട് അയൽവാസികൾ ഓടിയെത്തി ഓംപ്രകാശിന്‍റെ കൈയ്യിൽ നിന്ന് തോക്ക് പിടിച്ചുവാങ്ങിയതിനാൽ വൻ അപകടം ഒഴിവായി.
പരിക്കേറ്റ പ്രിൻസിനെ ചികിത്സയ്ക്കായി ഖോൽവാദിലെ ദിൻബന്ധു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഓംപ്രകാശിനെ കാംറെജ് പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാൾക്കെതിരെ ഐപിസി സെക്ഷൻ 307, 25(1), 27(1) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.