പട്‌ന (ബിഹാർ): രണ്ടര മാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി പിതാവ്. പട്‌ന സ്വദേശിയായ ഭരത് ആണ് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം വീട്ടിൽ എണ്ണ സൂക്ഷിക്കുന്ന കണ്ടെയ്‌നറിൽ ഇയാൾ ഒളിപ്പിക്കുകയായിരുന്നു.
ഏപ്രിൽ 26ന് രാത്രിയാണ് ഇയാൾ കൃത്യം നടത്തിയത്. ഇന്നലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. രോഗിയായ പെൺകുഞ്ഞിന്‍റെ ചികിത്സ ചെലവ് താങ്ങാനാകാതെയാണ് താന്‍ കൊലപാതകം നടത്തിയത് എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. കാജിപൂർ പ്രദേശത്ത് മുട്ട വിൽപ്പന നടത്തുകയാണ് ഭരത്. ജനിക്കുമ്പോൾ തന്നെ ഇയാളുടെ ഇളയ കുഞ്ഞിന് ഹൃദയത്തിൽ ദ്വാരമുണ്ടായിരുന്നു.
കുട്ടിയുടെ ചികിത്സ ചെലവുകളെ തുടർന്ന് കുടുംബം കടുത്ത സാമ്പത്തിക ബാധ്യത നേരിട്ടു. ചികിത്സ നൽകിയിട്ടും കുഞ്ഞിന്‍റെ ആരോഗ്യ നിലയിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല. ഭരതിന്‍റെ ജോലിയും പ്രതിസന്ധിയിലായി. വീട്ടിലെ ചെലവുകൾ വഹിക്കാൻ ബുദ്ധിമുട്ട് നേരിട്ടു. ഭരത് കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. തുടർന്ന് ചികിത്സ ചെലവുകൾ വഹിക്കാനാകാതെ ഇയാൾ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
'എന്‍റെ മകളുടെ ചികിത്സ ചെലവ് വഹിക്കാൻ ഞാൻ വളരെ ശ്രമിച്ചു. പക്ഷേ എത്ര ശ്രമിച്ചിട്ടും കുട്ടി സുഖം പ്രാപിച്ചില്ല. മറുവശത്ത് എന്‍റെ ബിസിനസും മോശമായി. എനിക്ക് ഒരു മകനെയും നോക്കേണ്ടതുണ്ട്. അത്തരമൊരു സാഹചര്യത്തിൽ എന്‍റെ മകളെ കൊലപ്പെടുത്താൻ ഞാൻ നിർബന്ധിതനായി' -പ്രതി പൊലീസിനോട് പറഞ്ഞു.
പ്രതിയായ ഭരത് ഏഴ് ദിവസം മുൻപും കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. കുഞ്ഞിനെ കൊല്ലാനായി പ്രതി കുട്ടിയുടെ മൂക്കിൽ ഫെവിക്കോൾ ഒഴിക്കുകയായിരുന്നു. എന്നാൽ കുഞ്ഞ് രക്ഷപ്പെട്ടു. ആദ്യ ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് ഇയാൾ ഏപ്രിൽ 26ന് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
മകളെ കൊലപ്പെടുത്തിയ വിവരം വീട്ടിലെ മറ്റാരും അറിഞ്ഞിരുന്നില്ല. തുടർന്ന് വീട്ടുകാർ കുട്ടിയെ കാണാതായതിൽ വിഷമിച്ച് തെരച്ചിൽ ആരംഭിച്ചു. മകളെ കാണാതായിട്ടും പൊലീസിൽ പരാതി നൽകാത്തതിനെ തുടർന്ന് കുട്ടിയുടെ അമ്മ ഭരതിനെ ചോദ്യം ചെയ്‌തു. തുടർന്ന് ഭരത് പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിതാവ് കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരം പുറത്തുവന്നത്. കുട്ടിയുടെ മൃതദേഹം പൊലീസ് വീട്ടിൽ നിന്ന് കണ്ടെടുത്തു.