മൈസൂർ : കർണാടകയിലെ മൈസൂരിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തില്‍ ഇടിച്ച് ആറ് മരണം. ഹുൻസൂർ താലൂക്കിലെ കൽബെട്ട റോഡിൽ നടന്ന അപകടത്തിൽ പാലിബെട്ട സ്വദേശികളായ അനിൽ, സന്തോഷ്, വിനുത്, രാജേഷ്, ദയാനന്ദ്, ബാബു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹുൻസൂരിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് കുടക് ജില്ലയിലെ പാലിബെട്ടയിലേക്ക് മടങ്ങുകയായിരുന്ന ഒൻപത് പേർ സഞ്ചരിച്ച ബൊലേറോ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ടതാണ് അപകടത്തിന് കാരണം. ആറ് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഹുനാസുരുവിലേക്ക് കൊണ്ടുപോയി.