ന്യൂഡൽഹി : വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജൂലൈ 22ന് പാർലമെന്‍റ് ഉപരോധ സമരം സംഘടിപ്പിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. 200 പേരെ ഉൾപ്പെടുത്തി പാര്‍ലമെന്‍റിന് പുറത്ത് സമാധാനപരമായ ഉപരോധ സമരം നടത്തുമെന്നാണ് പ്രഖ്യാപനം.
കൊവിഡിനും മുന്‍പ് ആരംഭിച്ച സമരം നിരവധി ചർച്ചകൾക്കൊടുവിലും പരാഹാരമില്ലാതെ നീളുകയാണ്. രാജ്യം ലോക്ക് ഡൗണിലായപ്പോള്‍ ഡൽഹിയിലും പരിസരങ്ങളിലുമായി സമരത്തിലായിരുന്ന കർഷകർക്ക് പ്രതിഷേധം തുടരാനുള്ള അവസരവും നഷ്ടപ്പെട്ടിരുന്നു.
പാര്‍ലമെന്‍റ് പാസാക്കിയ മൂന്ന് നിയമങ്ങളും കര്‍ഷക വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രക്ഷോഭം. സമരം അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നുവെന്നാണ് ടിക്കായത്തിന്‍റെ ആഹ്വാനത്തിലൂടെ വ്യക്തമാകുന്നത്.
മൂന്ന് കാർഷിക നിയമങ്ങൾ
കാർഷികോത്പന്ന വ്യാപാര–-വാണിജ്യ നിയമം , കർഷക ശാക്തീകരണ, സംരക്ഷണ നിയമം, അവശ്യവസ്‌തു നിയമഭേദഗതി നിയമം എന്നിവയ്‌ക്കെതിരെയാണ് രാജ്യത്ത് പ്രക്ഷോഭം അരങ്ങേറിയത്.
ഈ നിയമങ്ങള്‍ കാര്‍ഷിക മേഖലയില്‍ കോർപ്പറേറ്റുകളുടെ ആധിപത്യം ഊട്ടി ഉറപ്പിക്കുമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പുതിയ നിയമങ്ങൾ കർഷകർക്ക് അവരുടെ ഉത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ സ്വകാര്യകച്ചവടക്കാർക്ക് നേരിട്ട് വിൽക്കാന്‍ അവരസമൊരുക്കുന്നുവെന്നാണ് കേന്ദ്രവാദം.
ഡൽഹി ചലോ
നിയമങ്ങൾ നിലവിൽ വന്നതോടെ ഉത്തരേന്ത്യയിൽ നിന്നുള്ള പ്രത്യേകിച്ചും പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷക സംഘടനകൾ ശക്തമായ പ്രതിഷേധം അറിയിച്ചു.
എല്ലാ കർഷകരോടും ഡൽഹിയിലേക്ക് വരാൻ ആഹ്വാനം ചെയ്ത് രാജ്യതലസ്ഥാനത്ത് സമരക്കാര്‍ ഒത്തുകൂടി. കൊടും തണുപ്പിനെയും ചൂടിനെയും അതിജീവിച്ച് ഏകദേശം 50 ഓളം കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രക്ഷോഭം ശക്തമാക്കി. പതിനായിരക്കണക്കിന് കർഷകരാണ് ഡല്‍ഹി ചലോയുടെ ഭാഗമായത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പൊലീസിനെയും കേന്ദ്ര സേനകളെയും അണിനിരത്തിയാണ് പ്രക്ഷോഭത്തെ നേരിട്ടത്. സമരം ചെയ്യുന്ന കർഷകർ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഹരിയാനയിലേക്കും പിന്നീട് ഡൽഹിയിലേക്കും പ്രവേശിക്കാതിരിക്കാൻ കേന്ദ്രം പ്രതിരോധം തീർത്തു. ജലപീരങ്കികളും കണ്ണീർ വാതകവും ലാത്തിയും ഉപയോഗിച്ച് കർഷക സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു.
എന്നാൽ സമരങ്ങളുടെ തുടർച്ചയായി നവംബർ 26ന് കർഷക സംഘടനകളെ പിന്തുണച്ച് രാജ്യവ്യാപകമായി പൊതു പണിമുടക്ക് നടന്നു. ആ പണിമുടക്കിൽ ഏകദേശം രണ്ട് ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ കർഷകർ വിവിധ അതിർത്തി സ്ഥലങ്ങളിൽ നിന്നും ഡൽഹിയിലേക്കുള്ള സമര യാത്രയിൽ പങ്കെടുത്തു.
ചെങ്കോട്ട സംഘർഷം
2021 ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിൽ ഒരു ലക്ഷത്തോളം ട്രാക്ടറുകളിലായി നാല് ലക്ഷത്തോളം കർഷകരാണ് ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തിയത്. റിപ്പബ്ലിക്ക് ദിനത്തിൽ സുരക്ഷ നിയമങ്ങൾ ലംഘിച്ച് കർഷകർ ചെങ്കോട്ട പിടിച്ചടക്കി.
സമരം നടത്താനായി അനുവദിച്ച പാതകളിൽ നിന്നുമാറി കർഷകർ ട്രോക്ടറുകളുമായി ചെങ്കോട്ടയിലേക്ക് ഇരച്ചെത്തുകയായിരുന്നു. തുടർന്ന് സുരക്ഷാക്രമീകരണങ്ങള്‍ മറികടന്ന് സമാനതകളില്ലാത്തവിധം ചെങ്കോട്ടയിൽ കൊടി ഉയർത്തിയത് വലിയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കി.
കേന്ദ്രസർക്കാരുമായി പല ഘട്ടങ്ങളിലായി അനവധി ചർച്ചകൾ നടത്തിയിട്ടും കർഷകരുടെ ആവശ്യങ്ങൾ ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും എന്നാൽ അവരുടെ ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കാൻ പറ്റില്ലെന്നുമാണ് സർക്കാർ നിലപാട്. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന് കർഷകരും ആവർത്തിക്കുന്നു.