ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് നടന്ന ട്രാക്‌ടർ റാലിയെ തുടർന്ന് അറസ്റ്റിലായ കർഷകരെ മോചിപ്പിക്കാതെ സർക്കാരുമായി ഇനിയൊരു ചർച്ചയ്ക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്.
കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ റിപ്പബ്ലിക്ക് ദിനത്തിൽ നടത്തിയ ട്രാക്‌ടർ മാർച്ച് അക്രമാസക്തമാവുകയായിരുന്നു. മാർച്ചിനിടെ ട്രാക്‌ടർ മറിഞ്ഞ് ഒരു കർഷകൻ മരിക്കുകയും ചെയ്‌തിരുന്നു. കാർഷിക നിയമങ്ങൾക്കെതിരെ കഴിഞ്ഞ വർഷം നവംബർ 26നാണ് വിവിധ കർഷക സംഘടനകൾ ഡൽഹി അതിർത്തിയിൽ പ്രതിഷേധം ആരംഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി കർഷകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ സംഭവത്തിന് ശേഷം നിരവധി കർഷകരെ കാണാനില്ലെന്ന പരാതിയുമായി കർഷകരുടെ കുടുംബങ്ങൾ അലിപൂർ പൊലീസ് സ്റ്റേഷനിൽ എത്തി. കാണാതായ കർഷകരെ കണ്ടെത്താൻ പൊലീസ് മാൻഹണ്ട് ആരംഭിച്ചു.