ന്യൂഡൽഹി: മോദി സർക്കാരിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ കര്‍ഷക സംഘടനകളുടെ ഡല്‍ഹി ചലോ മാര്‍ച്ചില്‍ ഇന്നും സംഘര്‍ഷം. ഡൽഹി അതിർത്തിയിൽ മാർച്ച് പൊലീസ് തടഞ്ഞു. ഡല്‍ഹി - ഹരിയാന അതിര്‍ത്തിയിലെ സിങ്കുവിൽ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
തുടർച്ചയായ രണ്ടാം ദിവസവും ഡൽഹിയും ഹരിയാനയും അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്. കര്‍ഷകരെ പ്രതിരോധിക്കാന്‍ പൊലീസിന് പുറമെ ബിഎസ്എഫിനെയും സിആര്‍പിഎഫിനെയും കേന്ദ്രസര്‍ക്കാര്‍ രംഗത്തിറക്കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ കോണ്‍ക്രീറ്റ് പാളികളും ബാരിക്കേഡുകളും മുള്ളുവേലിയും ഉപയോഗിച്ചാണ് പൊലീസ് കര്‍ഷകരെ തടയുന്നത്.
ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് പ്രകടനമായി നീങ്ങിയത്. ആയിരത്തിലേറെ കര്‍ഷക നേതാക്കളെ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സമരക്കാരെ തടയാന്‍ ഡല്‍ഹിയിലെ എട്ട് മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടിരുന്നു. ഹരിയാനയിലെ കർണാൽ അംബാല, ഹിസാർ, സോണിപ്പത്ത് എന്നിവിടങ്ങളിലാണ് ഇന്നലെ കർഷകർ ഉറങ്ങിയത്. രാത്രി വൈകിയും സോണിപ്പത്തിൽ കർഷകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു.