ന്യൂഡൽഹി: പുതുക്കിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ. ജൂലൈ 22 മുതൽ ജന്ദർ മന്ദറിൽ കിസാൻ പാർലമെന്‍റ് സംഘടിപ്പിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് അറിയിച്ചു.
'സമരം തുടരും': ടികായത്
കർഷകരുടെ പ്രതിഷേധം എട്ടാം മാസത്തിലേക്ക് കടക്കുകയാണ്. ഇതുവരെയും കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്നും യാതൊരു പരിഗണനയും ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പ്രതിഷേധം ശക്തമാക്കുമെന്നും പുതുക്കിയ നിയമങ്ങൾ റദ്ദാക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും ടികായത് വ്യക്തമാക്കി. പ്രതിഷേധങ്ങളുടെ ഭാഗമായി 200 കർഷകർ സിംഘു, തിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിൽ നിന്നും ജന്ദർ മന്ദറിലേക്ക് പ്രവേശിക്കും. വർഷകാല സമ്മേളനം അവസാനിക്കുന്നതു വരെ കർഷകർ ജന്ദർ മന്ദറിൽ പ്രതിഷേധം തുടരുമെന്നും ടികായത് അറിയിച്ചു.
ജൂലൈ 22 രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പ്രതിഷേധം. അതേസമയം കർഷകർക്ക് ചില നിബന്ധനകളുടെയും വ്യവസ്ഥകളുടെയും അടിസ്ഥാനത്തിൽ പ്രതിഷേധ മാർച്ച് നടത്താൻ അനുമതി നൽകുമെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. ഇതിന്‍റെ ഭാഗമായി 2500ഓളം പൊലീസ് ഉദ്യോഗസ്ഥരെയും 3000ഓളം അർധസൈനികരെയും പ്രതിഷേധ സ്ഥലത്ത് വിന്യസിക്കുമെന്നും പൊലീസ് അറിയിച്ചു.
READ MORE: കേന്ദ്രവുമായി ചർച്ചയ്‌ക്ക് തയ്യാർ, ഫലം കണ്ടില്ലെങ്കിൽ 22ന് പ്രതിഷേധമെന്ന് രാകേഷ് ടിക്കായത്ത്
വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ഒരു വർഷത്തോളമായി കർഷകർ പ്രതിഷേധം നടത്തിവരികയാണ്. തങ്ങളുടെ ആവശ്യം നടപ്പിലാക്കുന്നതുവരെ സമരമുഖത്തു നിന്നും പിന്മാറില്ലെന്നാണ് കർഷകരുടെ തീരുമാനം.