മുംബൈ: തലസ്ഥാനത്ത് റിപ്പബ്ലിക്ക് ദിനത്തിൽ നടക്കുന്ന ട്രാക്‌ടർ റാലിയിൽ പങ്കെടുക്കാനായി കർഷക സംഘടനകളുടെ ഭാഗമായ നാസിക്കിലെ കർഷകർ മുംബൈയിലേക്ക് തിരിച്ചു. മുംബൈയിലെത്തിയതിന് ശേഷം കർഷകർ ഡൽഹിയിലേക്ക് തിരിക്കും. ഓൾ ഇന്ത്യ കിസാൻ സഭ ഉൾപ്പെടെയുള്ള കർഷക സംഘടനകളുടെ ഭാഗമായ കർഷകരാണ് മുംബൈയിലേക്ക് തിരിച്ചത്. ഇതിനകം 15,000ത്തോളം കർഷകർ നാസിക്കിൽ നിന്ന് മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. ഗോൾഫ് ക്ലബ് മൈതാനിയിൽ നിന്ന് ടെബോ ഉൾപ്പെടെയുള്ള വിവിധ വാഹനങ്ങളിലാണ് കർഷകർ മുംബൈയിലേക്ക് തിരിച്ചത്.
പുതിയ കാർഷിക നിയമങ്ങൾ കർഷകർക്ക് എതിരാണ്. 26ന് മാർച്ച് ഡൽഹിയിലെത്തുമെന്നും കർഷകരുടെ ശബ്‌ദം അറിയിക്കുമെന്നും മാർച്ചിൽ പങ്കെടുക്കുന്ന കർഷകൻ അഭിപ്രായപ്പെട്ടു. താനെ, നാസിക്ക്, പാൽഘർ, അഹമ്മദ്‌നഗർ അടക്കമുള്ള 23 ജില്ലകളിലെ കർഷകരാണ് പ്രതിഷേധത്തിന്‍റെ ഭാഗമാകുന്നത്. പുതിയ കാർഷിക നിയമത്തിനെതിരെ റിപ്പബ്ലിക്ക് ദിനത്തിൽ നടക്കുന്ന കിസാൻ ഗണതന്ത്ര പരേഡിൽ പങ്കെടുക്കാനായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകരാണ് ഡൽഹിയിലേക്ക് എത്തുന്നത്.
കൂടുതൽ വായിക്കാൻ:മരണം വരെ സമരം ചെയ്യുമെന്ന് കർഷകസംഘടനകൾ
പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ട്രാക്‌ടറുകളിലായി കർഷകർ ഇതിനകം ടിക്രി അതിർത്തിയിൽ എത്തിയിട്ടുണ്ട്. ജനുവരി 23 മുതൽ 26 വരെ നടക്കുന്ന പ്രതിഷേധങ്ങളിൽ കർഷകർ ഭാഗമാകണമെന്ന് സംയുക്ത കിസാൺ സഭ ആഹ്വാനം ചെയ്‌തിരുന്നു. ഡൽഹിയിൽ നവംബർ 26 മുതലാണ് കർഷക സംഘടനകൾ കാർഷിക നിയമത്തിനെതിരെ പ്രതിഷേധം ആരംഭിച്ചത്.