ന്യൂഡല്‍ഹി : ലൈംഗികാരോപണത്തില്‍ റെസ്‌ലിങ് ഫെഡറേഷന്‍ പ്രസിഡന്‍റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കര്‍ഷകര്‍. പ്രതിഷേധ സ്ഥലത്തേക്ക് എത്താനായി പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ കര്‍ഷകര്‍ മറിച്ചിടുകയും അതിന് മുകളില്‍ കയറി നില്‍ക്കുകയും ചെയ്‌തു. അതേസമയം പ്രതിഷേധം നടക്കുന്നയിടത്തേക്ക് കടക്കാന്‍ ധൃതി കൂട്ടിയതാണ് സംഭവവികാസങ്ങള്‍ക്ക് പിന്നിലെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ പ്രണവ് തായല്‍ അറിയിച്ചു.
ഒരു കൂട്ടം കര്‍ഷകര്‍ ജന്തര്‍ മന്തറിലേക്കെത്തി. ധര്‍ണ നടക്കുന്നയിടത്തേക്ക് എത്താന്‍ ഇവരില്‍ ചിലര്‍ തിടുക്കം കൂട്ടി. ഇതിനിടെ ചിലര്‍ ബാരിക്കേഡുകള്‍ തള്ളിമാറ്റുകയും ചിലര്‍ അതിന് മുകളില്‍ കയറുകയും ചെയ്‌തു - ഡെപ്യൂട്ടി കമ്മിഷണര്‍ പ്രണവ് തായല്‍ പറഞ്ഞു. സംഭവസ്ഥലത്ത് അരങ്ങേറിയ പ്രശ്‌നങ്ങള്‍ക്കൊടുവില്‍ കർഷകരെ സമരം നടക്കുന്നയിടത്തേക്ക് കൊണ്ടുപോകാൻ ബാരിക്കേഡുകൾ നീക്കം ചെയ്യുകയും യോഗം സമാധാനപരമായി നടത്തുകയും ചെയ്‌തതായും അദ്ദേഹം വ്യക്തമാക്കി.
അഭ്യര്‍ഥനയുമായി പൊലീസ് : എന്നാല്‍ സമരക്കാരുമായി ഏറ്റുമുട്ടലുണ്ടായിട്ടില്ലെന്നും സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ സമരക്കാർക്ക് സൗകര്യമൊരുക്കുകയും സമാധാനപരമായ ഒത്തുചേരൽ ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതുകൊണ്ടുതന്നെ വ്യാജ വാര്‍ത്തകളില്‍ വഞ്ചിതരാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജന്തർ മന്തറിലെ പ്രതിഷേധക്കാർക്ക് സൗകര്യമൊരുക്കുന്നുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനായി ഡിഎഫ്എംഡി വഴിയാണ് പ്രവേശനം നിയന്ത്രിക്കുന്നത്. ദയവായി സമാധാനപരമായി തുടരുകയും നിയമം അനുസരിക്കുകയും ചെയ്യണമെന്നും ഡൽഹി പൊലീസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ അറിയിച്ചു.
സമരവും വിവാദ പരാമര്‍ശവും : റെസ്‌ലിങ് ഫെഡറേഷന്‍ (ഡബ്ല്യുഎഫ്‌ഐ) മേധാവിയ്‌ക്കെതിരെ ലൈംഗികാരോപണത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 23 മുതലാണ് ഗുസ്‌തി താരങ്ങള്‍ ജന്തർ മന്തറിൽ പ്രതിഷേധ സമരം ആരംഭിക്കുന്നത്. എന്നാല്‍ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് സമരത്തിന് പുറപ്പെട്ടത് അച്ചടക്കമില്ലായ്‌മയായി പോയി എന്നറിയിച്ച ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റും മുന്‍ അത്‌ലറ്റുമായ പി.ടി ഉഷയുടെ പ്രസ്‌താവന വിവാദമായിരുന്നു. എന്നാല്‍ തന്‍റെ പ്രസ്‌താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നറിയിച്ച് പി.ടി ഉഷ തന്നെ പിന്നീട് സമരപ്പന്തലിലെത്തി ഗുസ്‌തി താരങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ചു.
എന്നാല്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു പി.ടി ഉഷ റെസ്‌ലിങ് താരങ്ങളെ കണ്ടുമടങ്ങിയത്. അതേസമയം പി.ടി ഉഷ തങ്ങളെ വന്ന് കാണുകയും പിന്തുണ ഉറപ്പുനല്‍കുകയും ചെയ്‌തതായി ബജ്‌റംഗ് പുനിയ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. താന്‍ ആത്യന്തികമായി കായിക താരമാണെന്നും തുടര്‍ന്നാണ് അഡ്‌മിനിസ്‌ട്രേറ്ററാകുന്നതെന്നും ഉഷ പറഞ്ഞതായും പുനിയ അറിയിച്ചു. താന്‍ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും വിഷയത്തില്‍ നീതി ലഭ്യമാക്കുന്നതിന് തങ്ങളെ സഹായിക്കുമെന്നും ഉഷ ഉറപ്പുനല്‍കിയതായും പുനിയ വ്യക്തമാക്കിയിരുന്നു.
ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാരോപണവുമായി തെരുവിലിറങ്ങുന്നതിന് പകരം ഗുസ്‌തി താരങ്ങള്‍ അധികൃതരെ നേരത്തെ സമീപിക്കേണ്ടതായിരുന്നുവെന്നായിരുന്നു പി.ടി ഉഷയുടെ വിവാദത്തിനിടയാക്കിയ പ്രതികരണം. ലൈംഗിക പീഡന പരാതികൾ കൈകാര്യം ചെയ്യാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് (ഐഒഎ) ഒരു കമ്മിറ്റിയുണ്ടെന്നും തെരുവിലിറങ്ങുന്നതിന് പകരം അവർക്ക് ഞങ്ങളുടെ അടുത്തേക്ക് വരാമായിരുന്നുവെന്നും കായിക മേഖലയ്ക്ക് ഈ രീതി നല്ലതല്ലെന്നും പി.ടി ഉഷ പ്രതികരിച്ചിരുന്നു.