മുംബൈ: കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് നേരെ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 17 തവണയാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയതെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. കര്‍ണാലില്‍ പ്രതിഷേധത്തിൽ പങ്കെടുത്ത കർഷകരുടെ തല പൊട്ടിക്കണമെന്ന ജില്ല മജിസ്‌ട്രേറ്റിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിനെ തുടർന്ന് കർഷകർ അന്വേഷണം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സാഹചര്യത്തിലായിരുന്നു സഞ്‌ജയ് റാവത്തിന്‍റെ പ്രതികരണം.
കർഷകർ ഇപ്പോഴും കർണാലിലെ മിനി സെക്രട്ടേറിയറ്റിന് ചുറ്റും പ്രതിഷേധത്തിലാണ്. കർഷകരുമായി ചർച്ചക്ക് തയ്യാറായാൽ ഉണ്ടാകുന്ന തീരുമാനത്തെ രാജ്യം സ്വാഗതം ചെയ്യുമായിരുന്നുവെന്നും റാവത്ത് പറഞ്ഞു. കർഷകരുമായി ചർച്ചക്ക് തയ്യാറാകാത്ത കേന്ദ്രസർക്കാർ നിലപാടിനെതിരെയും റാവത്ത് വിമർശനം ഉന്നയിച്ചു. ചർച്ചക്ക് തയ്യാറാകാതെ കർഷകരെ റോഡിലേക്ക് തള്ളിവിട്ടാലുണ്ടാകുന്ന ഫലം മോശമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കർഷക പ്രതിഷേധങ്ങളിൽ ഒരു രാഷ്‌ട്രീയ പാർട്ടിയും മുതലെടുപ്പ് നടത്തുന്നില്ല. കിസാൻ മഹാപഞ്ചായത്ത് നമ്മൾ കണ്ടതാണെന്നും ലക്ഷക്കണക്കിന് കർഷകരാണ് എല്ലാം ഉപേക്ഷിച്ച് സമരത്തിനിറങ്ങുന്നതെന്നും ഈ സാഹചര്യത്തിലെങ്കിലും സർക്കാർ ചർച്ചക്ക് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
വിനായക ചതുർഥിയോട് അനുബന്ധിച്ച് മഹാരാഷ്‌ട്രയിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നത് കൊവിഡ് സാഹചര്യം കണക്കിലെടുത്താണെന്നും കേന്ദ്ര സർക്കാർ നിർദേശപ്രകാരമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
READ MORE: കര്‍ണാലിലെ കര്‍ഷകര്‍ സമരം അവസാനിപ്പിച്ചു; ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവ്