ഹത്രാസ്: കോത്‌വാലി സസ്‌നി പ്രദേശത്തെ നൗജർപൂർ ഗ്രാമത്തിൽ കർഷകനെ വെടിവച്ചു കൊന്നു. 48 കാരനായ അമൃഷ് കുമാർ ശർമയാണ് കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അമൃഷ് കുമാറിനെ വെടിവെച്ച് കൊന്നത് ഗൗരവ് ശര്‍മയും കൂട്ടുകാരും ചേര്‍ന്നാണെന്ന് മകള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അമൃഷ്കുമാറിന്‍റെ പരാതിയില്‍ 2018-ല്‍ ഗൗരവ് ശര്‍മയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പുറത്തിറങ്ങിയ പ്രതിയുടെ വീട്ടുകാരും കര്‍ഷകന്‍റെ കുടുംബവും തമ്മില്‍ കഴിഞ്ഞ ദിവസം വാക്ക് തര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നു. ഇതാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
വയലില്‍ ഉരുളക്കിഴങ്ങ് വിളവെടുക്കുന്നതിനിടെയായിരുന്നു അമൃഷ് കുമാർ ശർമക്ക് നേരെ വെടിയുതിര്‍ത്തത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുക്കും.
നാല് പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും രണ്ട് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് സൂപ്രണ്ട് വിനീത് ജയ്‌സ്വാൾ അറിയിച്ചു. അതേസമയം സംഭവത്തില്‍ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട എല്ലാ പ്രതികൾക്കെതിരെയും ദേശീയ സുരക്ഷാ നിയമം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.