ഔറംഗാബാദ്: വായ്‌പയ്‌ക്കായി ബാങ്കിനെ സമീപിച്ചതിലൂടെ ശ്രദ്ധേയനായിരിക്കുകയാണ് മഹാരാഷ്‌ട്രയിലെ യുവ കർഷകൻ. വായ്‌പ അപേക്ഷയിലെ ആവശ്യവും തുകയുമാണ് ഹിംഗോളി ജില്ലയിലെ തക്‌തോഡയില്‍ നിന്നുള്ള 22 കാരനായ പതംഗേയെ വാര്‍ത്താതാരമാക്കിയത്. ഹെലികോപ്റ്റർ വാങ്ങാന്‍ 6.65 കോടിയുടെ ലോണ്‍ വേണമെന്നാണ് ഇയാളുടെ ആവശ്യം. ഹെലികോപ്റ്റർ വാങ്ങി വാടകയ്‌ക്ക് നല്‍കി ജീവിക്കാനാണ് യുവാവിന്‍റെ പ്ലാൻ.
പതംഗേ, വ്യാഴാഴ്‌ചയാണ് ഗോരെഗാവിലെ ഒരു ബാങ്കിനെ സമീപിച്ചത്. ഇടക്കിടെയുള്ള മഴയും വരൾച്ചയും കാരണം വർഷങ്ങളായി കൃഷി താങ്ങാനാവാത്ത സ്ഥിതിയിലാണുള്ളതെന്ന് ഇയാള്‍ പറയുന്നു. രണ്ടേക്കർ ഭൂമിയുടെ ഉടമയായ പതംഗേ രണ്ടുവര്‍ഷമായി സോയാബീൻ കൃഷിയാണ് ചെയ്‌തിരുന്നത്.
നഷ്‌ടം നികത്താന്‍ ഇൻഷുറൻസിൽ നിന്നുള്ള പണം പോലും തികയില്ല. ഇത് കണക്കിലെടുത്താണ് താന്‍ ഹെലികോപ്റ്റർ വാങ്ങി ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും യുവ കര്‍ഷകന്‍ പറയുന്നു. വലിയ ആളുകൾക്ക് മാത്രം വലിയ സ്വപ്‌നങ്ങള്‍ മതിയെന്ന് എന്താണിത്ര നിര്‍ബന്ധം. കർഷകരും വലിയ സ്വപ്‌നം കാണണമെന്നും പതംഗേ പറയുന്നു.
ഹെലികോപ്റ്റർ വാങ്ങാൻ 6.65 കോടി വായ്‌പയ്‌ക്കാണ് അപേക്ഷിച്ചത്. മറ്റ് കച്ചവടങ്ങളില്‍ വന്‍ മത്സരമാണുള്ളത്. അതിനാലാണ് താന്‍ ഇതിലേക്ക് തിരിയാന്‍ തീരുമാനിച്ചതെന്നും ഉറച്ച മനസോടെ പതംഗേ പറയുന്നു.