മയിലാടുതുരൈ : അപകടത്തില്‍ മരിച്ച വളര്‍ത്തുനായയ്‌ക്കായി ശവകുടീരം പണിയാന്‍ തീരുമാനിച്ച് തമിഴ്‌നാട്ടിലെ മയിലാടുതുരൈയിലെ ഹരി ഭാസ്‌കറും കുടുംബവും. വാഹനമിടിച്ച് മരിച്ച 'സച്ചിന്‍' എന്ന് വിളിക്കുന്ന തങ്ങളുടെ അരുമ നായയ്‌ക്ക് വേണ്ടിയാണ് ശവകുടീരം പണിയാന്‍ ഈ കുടുംബം തീരുമാനിച്ചിരിക്കുന്നത്. നാല് നായകളാണ് ഈ കുടുംബത്തിന് ഉണ്ടായിരുന്നത്. ഇതില്‍ സച്ചിനായിരുന്നു ഏറ്റവും ചുറുചുറുക്ക് എന്ന് ഈ കുടുംബം പറയുന്നു.
എല്ലാദിവസവും രാവിലെ അഞ്ചരയ്‌ക്ക് വാതിലില്‍ മുട്ടി സച്ചിന്‍ തന്നെ ഉണര്‍ത്തുന്ന കാര്യം ഹരി ഭാസ്‌കര്‍ ഓര്‍ക്കുന്നു. അതിന് ശേഷം സച്ചിന്‍ പോവുക അടുത്തുള്ള കനാലില്‍ കുളിക്കാനാണ്. ശേഷം സച്ചിന്‍ പോവുക റോഡിനപ്പുറത്തുള്ള ഒരു ചായക്കടയിലേക്കാണ്. ചായക്കടക്കാരന്‍ കൊടുക്കുന്ന ബന്ന് കഴിച്ചതിന് ശേഷമാണ് തിരികെ വീട്ടിലേക്ക് വരുന്നത്.
അങ്ങനെ പതിവുപോലെ കുളി കഴിഞ്ഞതിന് ശേഷം ചായക്കടയിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് ബൈക്ക് ഇടിച്ച് സച്ചിന്‍ ഓഗസ്റ്റ് 20ന് മരണപ്പെടുന്നത്. സച്ചിന്‍ ഹരി ഭാസ്‌കറിന്‍റെ കുടുംബത്തിന്‍റെ മാത്രം അരുമയായിരുന്നില്ല, ആ പ്രദേശത്തെിന്‍റെയാകെ അരുമയായിരുന്നു. സച്ചിന്‍റെ മരണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ടുള്ള ബാനറുകള്‍ ആ പ്രദേശത്ത് ഉയര്‍ന്നു. എല്ലാ ബഹുമാനത്തോടെയുമാണ് സച്ചിന്‍റെ ശവസംസ്‌കാരം നടത്തിയത്.