മുംബൈ : മഹാരാഷ്‌ട്രയിൽ 15 വയസുകാരിയെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതിന് മാതാപിതാക്കളടക്കം എട്ട് പേർക്കെതിരെ കേസ്. ഔറംഗബാദിലാണ് സംഭവം. പെൺകുട്ടിയുടെ, മൂന്ന് വർഷം മുൻപ് വേർപിരിഞ്ഞ മാതാപിതാക്കൾ തങ്ങളുടെ ഉത്തരവാദിത്തം തീർക്കുന്നതിനായി 15 കാരിയെ വിവാഹം കഴിപ്പിച്ച് നല്‍കുകയായിരുന്നു.
പെൺകുട്ടി നേരിട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാതാപിതാക്കൾ, ഭർത്താവ്, മുത്തശ്ശി എന്നിവരുൾപ്പടെ എട്ട് പേർക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തത്. മാതാപിതാക്കൾ വേർപിരിഞ്ഞ ശേഷം, മുത്തശ്ശിയോടൊപ്പമാണ് പെൺകുട്ടി താമസിച്ചുപോന്നിരുന്നത്. ശേഷം പെൺകുട്ടിയുടെ അച്ഛൻ മറ്റൊരു സ്‌ത്രീയെ വിവാഹം കഴിക്കുകയും മകളെ വിവാഹം കഴിപ്പിച്ചയക്കാൻ തീരുമാനിക്കുകയുമായിരുന്നു.
പഠിക്കണമെന്ന ആവശ്യം പറഞ്ഞിരുന്നെങ്കിലും വീട്ടുകാർ വിസമ്മതിക്കുകയും ശേഷം ജനുവരി എട്ടിന് ഹൈദരാബാദിൽ നിന്നുള്ള 25 കാരനായ ആമിർ ഖാൻ ഹനീഫ് ഖാൻ എന്ന വ്യക്തിയുമായി കല്യാണം നടത്തുകയും ചെയ്‌തു. എന്നാൽ കുറച്ചുദിവസത്തിനുള്ളിൽ പെൺകുട്ടി ഭർത്താവിനെ ഉപേക്ഷിച്ച് അമ്മാവന്‍റെ വീട്ടിലേയ്‌ക്ക് പോന്നിരുന്നു. ഈ വിവരം അറിഞ്ഞ വീട്ടുകാർ പെൺകുട്ടിയെ ഹൈദരാബാദിലേയ്‌ക്ക് തിരിച്ചുകൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തി.
ഭയന്ന് നാടുവിടാൻ നിന്ന പെൺകുട്ടിയെ സംശയാസ്‌പദമായ രീതിയിൽ ഔറംഗബാദ് സ്‌റ്റേഷനിൽ വച്ച് കണ്ട റെയിൽവേ ജീവനക്കാരി, സ്‌ത്രീ സുരക്ഷ നടപ്പാക്കുന്നതിന് ഉത്തരവാദപ്പെട്ടിട്ടുള്ള ദാമിനി ടീമിന് കൈമാറുകയുമായിരുന്നു. പെൺകുട്ടി ഉദ്യോഗസ്ഥർക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിൽ കുടുംബാംഗങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. കൂടാതെ കുട്ടിയെ ജുഡീഷ്യൽ ബോർഡിന് മുന്നിൽ ഹാജരാക്കുമെന്നും തുടര്‍ വിദ്യാഭ്യാസം സാധ്യ മാക്കുമെന്നും പൊലീസ് അറിയിച്ചു.