മുംബൈ : ഭാര്യാമാതാവിന്‍റെ സമ്പത്തിന് വേണ്ടി തട്ടിക്കൊണ്ടുപോകൽ നാടകം (Fake kidnapping of own daughter) കളിച്ച യുവാവ് പൊലീസ് പിടിയിൽ. പൂനെ പിംപ്രി ചിഞ്ച്‌വാഡ് സ്വദേശിയായ സച്ചിൻ മോഹിതെ ആണ് അറസ്‌റ്റിലായത്. ഭാര്യാമാതാവിന്‍റെ സ്വത്തുക്കൾ തട്ടിയെടുക്കാൻ സ്വന്തം കുഞ്ഞിനെയും (kidnapping of own daughter) ഭാര്യ സഹോദരിയുടെ കുട്ടിയേയും തട്ടിക്കൊണ്ട് പോയതായി ഇയാൾ വ്യാജ വാർത്ത ഉണ്ടാക്കുകയായിരുന്നു.
ഇതിന് വേണ്ടി പെൺകുട്ടികളെ ഇയാളുടെ വീട്ടിലേയ്‌ക്ക് മാറ്റിയ ശേഷം മോഷ്‌ടിച്ചെടുത്ത ഒരു മൊബൈൽ ഫോണിൽ (Stolen Mobile Phone) നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോയ ആളെന്ന വ്യാജേന കുടുംബത്തെ വിളിക്കുകയും മോചനദ്രവ്യമായി 10 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്‌തു. ഇക്കഴിഞ്ഞ ഓഗസ്‌റ്റ് 29 നാണ് കേസിനാസ്‌പദമായ സംഭവം.
പ്രസ്‌തുത ദിവസം അർധരാത്രി 2:30 ഓടെ പട്രോളിങ്ങിനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥർ ഹത്‌നിയിലെ കൊക്‌നെ ചൗക്കിൽ വച്ച് സച്ചിന്‍റെ ഭാര്യ ശീതളിനെയും സഹോദരിയേയും കാണുകയായിരുന്നു. ചോദ്യം ചെയ്യലിൽ ശീതളിന്‍റെ രണ്ട് വയസുള്ള മകളെയും സഹോദരി സരിക ദസാലിന്‍റെ 15 വയസായ മകളെയും കാണാതായതായും ഇവർ പൊലീസിനോട് പറഞ്ഞു. രാഖി വാങ്ങാൻ വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടികളെ ആരൊക്കെയോ തട്ടിക്കൊണ്ടുപോയതായും ഇവർ പൊലീസിനെ അറിയിച്ചു.
തുടർന്ന് മക്കളെ തട്ടിക്കൊണ്ടുപോയതായി സരിക ദസാൽ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വക്കാട് പൊലീസിന്‍റെയും ക്രൈംബ്രാഞ്ചിന്‍റെയും സംഘങ്ങൾ കുട്ടികൾക്കായി തെരച്ചിൽ നടത്തിയിരുന്നു. സംഭവത്തിൽ കുട്ടികളുടെ കുടുംബത്തിന്‍റെ മൊഴിയെടുക്കുന്ന സമയത്തും സച്ചിൻ ഇവർക്കൊപ്പം ഉണ്ടായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ വഴിത്തിരിവായി : കുട്ടികളെ കാണാതായെന്നറിഞ്ഞ് താൻ വഗോലിയിൽ നിന്ന് എത്തിയതാണെന്ന് സച്ചിൽ പൊലീസിനോട് പറഞ്ഞു. പിന്നീട് പൊലീസ് അയൽവാസികളെ ചോദ്യം ചെയ്‌തതിൽ നിന്നും സച്ചിൻ അടുത്തിടെ കാർ സർവീസ് ചെയ്യാൻ പോയതായി അറിയുകയും ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് സച്ചിന്‍റെ കാറിന് സമാനമായ കാറിലാണ് പെൺകുട്ടികൾ കയറിയിട്ടുള്ളതെന്നും പൊലീസ് കണ്ടെത്തി. തുടർന്നാണ് പൊലീസ് സച്ചിനെ തന്നെ സംശയിച്ചത്.
ശേഷം ഓഗസ്‌റ്റ് 30 ന് ചോദ്യം ചെയ്യലിനായി പൊലീസ് പരാതിക്കാരിയുടെ വീട്ടിൽ വീണ്ടും എത്തുകയും സരിതയുടെ ഫോൺ മൂന്ന് മാസം മുൻപ് നഷ്‌ടപ്പെട്ടതായി വിവരം ലഭിക്കുകയും ചെയ്‌തു. ആ നമ്പറിൽ നിന്നാണ് കുട്ടികളെ തട്ടിക്കൊണ്ട് പോയതായി അറിയിച്ചും മോചന ദ്രവ്യം വേണമെന്ന് ആവശ്യപ്പെട്ടും ഫോൺ കോൾ വന്നതെന്നും കണ്ടെത്തിയ പൊലീസ് സച്ചിനെ സംശത്തിന്‍റെ പേരിൽ വിശദമായി ചോദ്യം ചെയ്യുകയും ഒടുവിൽ അയാൾ കുറ്റം സമ്മതിക്കുകയുമായിരുന്നു. ഭാര്യാമാതാവ് പുഷ്‌പ അൽഹത്തിനെ ബാങ്ക് അക്കൗണ്ടിലെ 10 ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു ഇയാൾ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടികളെ പിന്നീട് ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തുകയും സുരക്ഷിതരായി മോചിപ്പിക്കുകയും ചെയ്‌തു.