ന്യൂഡല്‍ഹി : ഗ്രേറ്റര്‍ കൈലാഷില്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായ രോഗി മരിച്ച സംഭവത്തില്‍ 4 വ്യാജ ഡോക്‌ടര്‍മാര്‍ അറസ്റ്റില്‍. ക്ലിനിക്കിലെ മുന്‍ ടെക്‌നീഷ്യന്‍ മഹേന്ദ്ര, ആശുപത്രി ഉടമ നീരജ് അഗർവാൾ, മറ്റ് രണ്ട് ജീവനക്കാരായ പൂജ അഗർവാൾ, ജയ്പ്രീത് എന്നിവരാണ് അറസ്റ്റിലായത്. എംബിബിഎസ് പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും പറഞ്ഞാണ് ആശുപത്രി ഉടമ അടക്കമുള്ള നാലംഗ സംഘം ചികിത്സ നടത്തിയത്.
ചെറിയ ആരോഗ്യ പ്രശ്‌നങ്ങളുമായി ആശുപത്രിയില്‍ ചികിത്സ തേടിയ 45കാരനാണ് മരിച്ചത്. ആശുപത്രി സന്ദര്‍ശിച്ച് പരിശോധനയ്‌ക്ക് വിധേയനായ രോഗിയോട് ശസ്‌ത്രക്രിയ നടത്തണമെന്ന് സംഘം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ശസ്‌ത്രക്രിയ നടത്തിയതിന് പിന്നാലെ രോഗി മരിച്ചു.
ദുരൂഹത ആരോപിച്ച് കുടുംബം : സംഭവത്തിന് പിന്നാലെ രോഗിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് വ്യാജ ഡോക്‌ടര്‍മാര്‍ പിടിയിലായത്. ഡോക്‌ടര്‍മാരെന്ന വ്യാജേന ആശുപത്രിയില്‍ പ്രവര്‍ത്തിച്ച സംഘത്തിന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ പൊലീസ് പരിശോധനയ്‌ക്ക് വിധേയമാക്കി. ഇതോടെയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് തെളിഞ്ഞത്.
നിരവധി പരാതികള്‍ വെറെയും: ആശുപത്രിക്കെതിരെ സമാനമായ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്‌ച രോഗികള്‍ ബഹളം വച്ചതായും പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 2022ല്‍ പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയയാക്കുകയും തുടര്‍ന്ന് മരിക്കുകയും ചെയ്‌തിരുന്നുവെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്താന്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും ഗ്രേറ്റര്‍ കൈലാഷ് എസ്‌എച്ച്‌ഒ പറഞ്ഞു.