മൊറാദാബാദ്: സോഷ്യൽ മീഡിയയിലൂടെ പ്രശസ്‌തനായ വ്യാജ ഡോക്‌ടറുടെ ആശുപത്രി പൂട്ടി മുദ്രവച്ച് ഉത്തർപ്രദേശ് ആരോഗ്യവകുപ്പ്. തന്‍റെ വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ പ്രശസ്‌തനായ അബ്‌ദുള്ള പത്താൻ്റെ ആശുപത്രിയാണ് ഇയാൾ വ്യാജ ഡോക്‌ടറാണെന്ന് കണ്ടെത്തിയതോടെ പൂട്ടിയത് (Fake Doctor Under Probe- Abdullah Pathans Hospital Sealed). തിങ്കളാഴ്‌ച മൊറാദാബാദിലെ കുന്ദർക്കി പ്രദേശത്തുള്ള പത്താന്‍റെ ആശുപത്രിയിൽ ആരോഗ്യവകുപ്പ്, മരുന്ന് വകുപ്പ്, ആയുർവേദ വകുപ്പ് എന്നിവയുടെ സംയുക്ത സംഘം റെയ്‌ഡ് നടത്തിയിരുന്നു.
റെയ്‌ഡിനുപിന്നാലെ ഒളിവിൽ പോയ അബ്‌ദുള്ളക്കുവേണ്ടി പൊലീസ് തിരച്ചിലാരംഭിച്ചു. സോഷ്യൽ മീഡിയയിൽ പ്രശസ്‌തനായ അദ്ദേഹം റസ്‌ലിങ് മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ഇയാൾ പ്രശസ്‌ത നടി സണ്ണി ലിയോണിക്കൊപ്പം (Sunny Leone) ഡേറ്റിന് പോയ സംഭവം ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു. ഈ സംഭവത്തോടെയാണ് ഇയാൾ കൂടുതൽ പ്രശസ്‌തനായത്.
ആശുപത്രിയിൽ നടത്തിയ റെയ്‌ഡിൽ അലോപ്പതി, ആയുർവേദ, ഹോമിയോപ്പതി മരുന്നുകളുടെ 33 സാമ്പിളുകൾ പരിശോധനയ്‌ക്കായി പിടിച്ചെടുത്തു. മരുന്നുകളുടെ പരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷം ഇയാൾക്കെതിരെ തുടർനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. വൃക്ക, കരൾ, ലൈംഗിക രോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചികിത്സയാണ് ഇയാൾ പ്രധാനമായി നടത്തിയിരുന്നത്. ചികിത്സക്കെത്തുന്ന രോഗികളിൽ നിന്ന് പത്താൻ 5,000 മുതൽ 50,000 രൂപ വരെ ഈടാക്കിയിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read: ആള്‍മാറാട്ടം നടത്തി ഗൂഗിള്‍ നോക്കി ചികിത്സ; വ്യാജ ഡോക്‌ടര്‍ അറസ്‌റ്റില്‍
വഞ്ചനാപരമായ മാർഗത്തിലൂടെയാണ് പത്താൻ ആശുപത്രി നടത്തുന്നതെന്ന് അഡീഷണൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സഞ്ജീവ് ബെനിവാൾ പറഞ്ഞു. "അദ്ദേഹത്തിനെതിരെ ഞങ്ങൾക്ക് പരാതി ലഭിച്ചു, തുടർന്ന് സംയുക്ത സംഘം രൂപീകരിച്ച് ആശുപത്രിയിൽ റെയ്‌ഡ് നടത്തി. കമ്പനികളുടെ പേര് രേഖപ്പെടുത്താത്ത 33 മരുന്നുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്." -അദ്ദേഹം പറഞ്ഞു.
നേരത്തെ ആരോഗ്യവകുപ്പ് 44 തവണ പത്താനെതിരേ എഫ്‌ഐആർ ഫയൽ ചെയ്തെങ്കിലും അയാൾ രക്ഷപ്പെടുകയായിരുന്നെന്ന് കേസുമായി ബന്ധപ്പെട്ട മറ്റൊരു ഉദ്യോഗസ്ഥനും വ്യക്തമാക്കി. "രജിസ്ട്രേഷൻ ഇല്ലാതെയാണ് പത്താൻ ആശുപത്രി നടത്തുന്നതെന്നാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്. റെയ്‌ഡിൽ ആയുർവേദം, അലോപ്പതി, ഹോമിയോപ്പതി എന്നിവയുടെ നിരവധി മരുന്നുകൾ കണ്ടെത്തിയെങ്കിലും അവയ്ക്ക് ഒരു കമ്പനിയുടെയും പേരില്ല. 33 മരുന്നുകളുടെ സാമ്പിളുകളും പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചു." -ഉദ്യോഗസ്ഥൻ പറഞ്ഞു.
പല സംസ്ഥാനങ്ങളിൽ നിന്നും രോഗികൾ പഠാന്‍റെ ആശുപത്രിയിൽ ചികിത്സാ തേടി വരാറുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ഓരോ രോഗിയിൽ നിന്നും 200 രൂപ രജിസ്‌ട്രേഷൻ ഫീസായി വാങ്ങിയിരുന്നു. തുടർന്ന് രോഗമനുസരിച്ച് 5000 രൂപ മുതൽ 50000 രൂപ വരെയാണ് ഇയാൾ ഓരോ മരുന്നുകൾക്കും ഈടാക്കിയിരുന്നത്. നിരവധിപേർ ഓൺലൈനിലൂടെയും മരുന്ന് ഓർഡർ ചെയ്‌തിരുന്നു.
Also Read: 'നാല് വര്‍ഷം കൊണ്ട് 43000 പേര്‍ക്ക് ചികിത്സ'; വ്യാജ ഡോക്‌ടര്‍ അറസ്റ്റില്‍