ചെന്നൈ: ചെന്നൈ പള്ളിക്കരണെയിലെ സ്വകാര്യ കൊറിയര്‍ കമ്പനിയിലേയ്ക്ക് വന്ന പാര്‍സലില്‍ നിന്ന് വ്യാജ നോട്ടുകള്‍ കണ്ടെത്തി. കൊറിയര്‍ കമ്പനി ജീവനക്കാരാണ് പാര്‍സലില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ നോട്ടു കെട്ടുകള്‍ വ്യാജമാണെന്ന് തെളിഞ്ഞു.
100, 200, 500 എന്നീ നോട്ടുകളുള്‍പ്പെടെ 13,000 രൂപയുടെ വ്യാജ നോട്ടുകെട്ടുകളാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. വിശദമായ അന്വേഷണത്തില്‍ പാര്‍സല്‍ ഹൈദരാബാദില്‍ നിന്നും വെളാച്ചേരി സ്വദേശി സതീഷ് എന്നയാളുടെ പേരില്‍ വന്നതാണെന്ന് കണ്ടെത്തി. ഉടന്‍ തന്നെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തു.
പണത്തിന്‍റെ ഉറവിടം ഹൈദരാബാദ്: ഉപരി പഠനത്തിന് ശേഷം ഡിസൈനറായി ജോലി ചെയ്‌തുവരികയായിരുന്ന സതീഷ് കഴിഞ്ഞ നാല് വര്‍ഷമായി സ്ഥിരമായി ജോലിക്ക് പോകാറില്ലെന്ന് പൊലീസ് പറഞ്ഞു. 50,000 രൂപ നൽകിയാൽ ഒന്നര ലക്ഷം രൂപ തിരിച്ച് ലഭിക്കുമെന്ന് സമൂഹ മാധ്യമങ്ങളില്‍ സതീഷ് പരസ്യം കണ്ടിരുന്നു. ഹൈദരാബാദിലുള്ള സുജിത്ത് എന്നയാളാണ് പണമിടപാടിന് നേതൃത്വം നല്‍കുന്നത്.
തുടര്‍ന്ന് സതീഷ് സുഹൃത്തുക്കളിൽ നിന്ന് വായ്‌പയെടുത്ത് 2,000 രൂപ സുജിത്തിന് കൈമാറി. തിരിച്ചുകിട്ടിയ 6,000 രൂപയില്‍ നിന്നും 100, 200 രൂപ നോട്ടുകള്‍ ചെറുകിട വ്യാപാര ശാലകളിലും മദ്യശാലകളിലും തിരിമറി നടത്തി. ഇത്തരത്തില്‍ പണം സമ്പാദിക്കാന്‍ സാധിക്കുമെന്ന് മനസിലാക്കിയ സതീഷ് പെട്ടെന്ന് ധനികനാകാന്‍ മൂന്ന് ലക്ഷം രൂപ ബാങ്കില്‍ നിന്ന് കടമെടുത്ത് ഒന്‍പത് ലക്ഷത്തിന്‍റെ വ്യാജ നോട്ടുകള്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
തമിഴ്‌നാട്ടില്‍ നിന്നും നിരവധി പേരാണ് സുജിത്തുമായി ഇത്തരത്തില്‍ പണമിടപാട് നടത്തിയതെന്നും ചെന്നൈയില്‍ നിന്ന് മാത്രം അഞ്ച് പേരുണ്ടെന്നും സതീഷ് പൊലീസിനോട് പറഞ്ഞു. മുഖ്യപ്രതി സുജിത്തിനെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ഇയാളെ പിടികൂടാന്‍ സാധിച്ചാല്‍ വന്‍ വ്യാജ നോട്ട് സംഘത്തെ തന്നെ കണ്ടെത്താന്‍ സാധിക്കുമെന്നും പൊലീസ് അറിയിച്ചു.