ഹൈദരാബാദ്: പ്രേതത്തെ ഒഴിപ്പിക്കുക എന്ന പേരില്‍ നവവധുവിനെ ബലാത്സംഗം ചെയ്‌ത കുറ്റത്തില്‍ പ്രതിയായ വ്യാജ ബാബയെ (Fake Baba) പോലീസ് റിമാൻഡ് ചെയ്‌തു. വ്യാജബാബയെ പിടികൂടുന്നതിനായി പൊലീസ് മൂന്ന് പ്രത്യേക സംഘങ്ങളെ നിയമിച്ച് ഏതാനും ദിവസങ്ങളായി തെരച്ചിൽ നടത്തിവരികയായിരുന്നു. ശേഷം സെപ്റ്റംബര്‍ അഞ്ചിന് ചന്ദ്രയാനഗുട്ട (Chandrayanagutta) ക്രോസ് റോഡിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത് (Fake baba arrested). പ്രതികളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ വിവരങ്ങള്‍ അന്വേഷിക്കുമെന്ന് എസിപി മനോജ് കുമാർ അറിയിച്ചു.
മൂന്ന് മാസം മുൻപാണ് ഹൈദരാബാദ് ഏരിയയിലെ ഹുസൈനിആലം (HusseniAlam) സ്വദേശിനിയായ യുവതിയും തലബ്‌കട്ട ഭവാനിനഗർ (Talabkatta Bhavaninagar) സ്വദേശിയായ യുവാവുമായി പ്രണയ വിവാഹം നടന്നത്. വിവാഹശേഷം ഭര്‍ത്തൃഗൃഹത്തില്‍ എത്തി കുറച്ച് ദിവസങ്ങള്‍ക്കകം യുവതിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ശരീരത്തില്‍ ദുരാത്മാക്കളുണ്ടെന്ന് സംശയിച്ച ഭർത്താവ് അമ്മയുടെ നിർദേശപ്രകാരം ബർകത്പുരയിലെ (Barkatpura) ബാബയുടെ അടുത്ത് കൊണ്ടുപോയി പൂജ നടത്തി.
എന്നാൽ ഫലമില്ലാത്തതിനെ തുടര്‍ന്ന് ഓൾഡ് ബസ്‌തി ബന്ദ്ലഗുഡ റഹ്മത്ത്നഗറിലെ (Old Basti Bandlaguda Rahmatnagar) താന്ത്രികനായ മസർ ഖാന്‍റെ (30) അടുത്തേക്ക് കൊണ്ടുപോയി. യുവതിയുടെ ശരീരത്തില്‍ അഞ്ച് ഭൂതങ്ങൾ പ്രവേശിച്ചുണ്ടെന്നും അവയിൽ നിന്ന് രക്ഷപ്പെടാൻ അവളെ ആരാധിക്കണമെന്നും ഖാൻ പറഞ്ഞു. ആദ്യം പ്രതി തലബ്ക്കട്ടയിലെ ഇരയുടെ വീട്ടിൽ എത്തി പരിശോധന നടത്തിയിരുന്നു.
രണ്ട് ദിവസത്തിന് ശേഷം പ്രതി അവരോട് ബന്ദ്‌ലഗുഡയിലെ തന്‍റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. യുവതിയുടെ അരയിൽ നൂൽ കെട്ടാനും കണ്ണിൽ തുണി കെട്ടാനും ശേഷം പുറത്തേക്ക് പോകാനും ഭർത്താവിനോട് പ്രതി ആവശ്യപ്പെട്ടു. ഇരയുടെ ശരീരത്തില്‍ എണ്ണ പുരട്ടുകയും അപമര്യാദയായി പെരുമാറുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തു. ശരീരം പാലിൽ കഴുകി പുതിയ വസ്‌ത്രം ധരിക്കാനും നടന്ന പൂജയെ കുറിച്ച് പുറത്ത് പറഞ്ഞാൽ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തി.
വീട്ടിലെത്തിയ ശേഷം പീഡനത്തിനിരയായ വിവരം വീട്ടുകാരെ അറിയിച്ച് പോലീസ് സ്റ്റേഷനിൽ പരാതി നൽകണമെന്ന് പറഞ്ഞെങ്കിലും വീട്ടുകാർ അതിനെ എതിര്‍ത്ത് യുവതിയെ മുറിയിൽ പൂട്ടിയിട്ടു. 10 ദിവസത്തിന് ശേഷം വീട്ടിലെത്തിയ തന്‍റെ സഹോദരിയോട് കാര്യങ്ങള്‍ പറയുകയും തുടര്‍ന്ന് ഓഗസ്റ്റ് 19 ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്‌തു. സംഭവത്തില്‍ ഇൻസ്പെക്‌ടർ അംജദ് അലി ഉടൻ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എന്നാല്‍ വിവരമറിഞ്ഞ പ്രതി മസർഖാൻ മഹാരാഷ്‌ട്രയിലേക്ക് രക്ഷപ്പെട്ടു. സിഐയെ സ്ഥലം മാറ്റിയതിനാൽ തന്നെ കേസിൽ പുരോഗതിയുണ്ടായിരുന്നില്ല. ഇരയുടെ സമ്മർദത്തെത്തുടർന്ന് ഓഗസ്റ്റ് 22 ന് ഭവാനിനഗർ പോലീസ് കേസ് ബന്ദ്ലഗുഡ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ഒടുവിൽ പ്രതിയെ ഇന്ന് (സെപ്റ്റംബര്‍ 5) പിടികൂടി റിമാൻഡ് ചെയ്‌തു.
ALSO READ: തിരുപ്പൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്നു, മുൻവൈരാഗ്യമെന്ന് സൂചന ; പ്രതി പിടിയില്‍