ന്യൂഡല്‍ഹി: നിയമ മന്ത്രിസ്ഥാനത്തുനിന്നും കിരൺ റിജിജുവിനെ മാറ്റി, കേന്ദ്ര മന്ത്രിസഭ അഴിച്ചുപണിതതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. റിജിജുവിനെ, 'പരാജയപ്പെട്ട നിയമമന്ത്രി'യെന്ന്, വിഷയത്തില്‍ പ്രതികരിച്ച കോണ്‍ഗ്രസ് നേതാവും എംപിയുമായ മാണിക്കം ടാഗോർ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിനുപുറമെ കപില്‍ സിബലും ശിവസേനയും വിമര്‍ശിച്ചു.
'പരാജയപ്പെട്ട നിയമ മന്ത്രിക്ക് ഭൗമശാസ്‌ത്രത്തിന്‍റെ ചുമതല നല്‍കിയിട്ട് എന്തുചെയ്യാൻ കഴിയും?. അർജുൻ റാം മേഘ്‌വാൾ നിയമ മന്ത്രിയെന്ന നിലയിൽ അന്തസോടെ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.'- മാണിക്കം ടാഗോർ ട്വീറ്റിലൂടെ വിമര്‍ശനവും പ്രതീക്ഷയും പങ്കുവച്ചു. ജുഡീഷ്യൽ നിയമനങ്ങളിലെ കൊളീജിയം സംവിധാനത്തിനെതിരെ പലപ്പോഴായി രംഗത്തെത്തിയ റിജിജുവിനെതിരെ മുതിർന്ന അഭിഭാഷകനും രാജ്യസഭ എംപിയുമായ കപിൽ സിബലും രംഗത്തെത്തി.
'നിയമമല്ല, ഇപ്പോള്‍ ഭൗമശാസ്‌ത്ര മന്ത്രി. നിയമങ്ങളുടെ പിന്നിലെ ശാസ്ത്രം മനസിലാക്കുന്നത് എളുപ്പമല്ല. ശാസ്‌ത്രത്തിന്‍റെ നിയമങ്ങള്‍ മുറുക്കെ പിടിക്കാന്‍ ഇപ്പോള്‍ ശ്രമിക്കുക, സുഹൃത്തിന് എല്ലാവിധ ആശംസകളും' - കപിൽ സിബൽ ട്വീറ്റ് ചെയ്‌തു. നിയമ മന്ത്രി കിരൺ റിജിജുവിനെ തൽസ്ഥാനത്ത് നിന്ന് നീക്കിയുള്ള ഉത്തരവ് ഇന്നാണ് പുറത്തുവന്നത്. ഇദ്ദേഹത്തിന് ഭൗമശാസ്ത്ര മന്ത്രാലയ വകുപ്പ് നൽകി അർജുൻ റാം മേഘ്‌വാളിന് നിയമ - നീതി മന്ത്രാലയത്തിന്‍റെ ചുമതല നല്‍കിയാണ് അഴിച്ചുപണി.
വിഷയത്തില്‍, വിമര്‍ശിച്ച് ശിവസേന ഉദ്ധവ് വിഭാഗം രാജ്യസഭ എംപി പ്രിയങ്ക ചതുര്‍വേദിയും ട്വീറ്റ് ചെയ്‌തു. 'മഹാരാഷ്ട്ര വിധിയെ തുടര്‍ന്നുള്ള നാണക്കേട് കൊണ്ടാണോ?. അതോ മൊദാനി - സെബി അന്വേഷണത്തെ തുടര്‍ന്നാണോ.?' - പ്രിയങ്ക ട്വീറ്റിലൂടെ ചോദിച്ചു. മഹാരഷ്‌ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാരിനെ അട്ടിമറിച്ച സംഭവത്തില്‍ സുപ്രീം കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് ഉദ്ധവ് മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവച്ചില്ലായിരുന്നെങ്കില്‍ സര്‍ക്കാരിനെ സംരക്ഷിച്ചേനെ എന്നായിരുന്നു കോടതി വ്യക്തമാക്കിയത്.
അഴിച്ചുപണി അംഗീകരിച്ച് രാഷ്‌ട്രപതി: സഹമന്ത്രിയുടെ സ്വതന്ത്ര ചുമതലയാണ് മേഘ്‌വാളിന് നൽകിയിരിക്കുന്നത്. നരേന്ദ്ര മോദി മന്ത്രിസഭയുടെ പുനക്രമീകരണം, പ്രസിഡന്‍റ് ദ്രൗപദി മുർമു ഇന്ന് അംഗീകരിച്ചതോടെയാണ് വാര്‍ത്ത പുറത്തുവന്നത്. നിലവിൽ പാര്‍ലമെന്‍ററികാര്യ - സാംസ്‌കാരിക സഹമന്ത്രിയാണ് അര്‍ജുന്‍ റാം മേഘ്‍വാൾ. ഇദ്ദേഹം രാജസ്ഥാനില്‍നിന്നുള്ള ബിജെപി എംപിയാണ്.
മേഘ്‍വാൾ നിയമവകുപ്പിന്‍റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാകുന്നത് ഒഴിച്ചാൽ മറ്റു മന്ത്രിസ്ഥാനങ്ങളിലൊന്നും മാറ്റങ്ങൾ ഉണ്ടാകുമെന്നത് സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല. രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയില്‍ കിരണ്‍ റിജിജു ആദ്യം കൈകാര്യം ചെയ്‌തിരുന്നത് ന്യൂനപക്ഷകാര്യ സഹമന്ത്രി സ്ഥാനമായിരുന്നു. പിന്നീട് അദ്ദേഹം കായിക - യുവജനകാര്യവകുപ്പിന്‍റെ സ്വതന്ത്രചുമതല വഹിക്കുന്ന മന്ത്രിയായി.
മാറ്റിയത് റിജിജുവിനെ മാത്രം: 2021 ജൂലൈ ഏഴിനാണ് റിജിജു നിയമവകുപ്പ് കാബിനറ്റ് മന്ത്രിയായി പ്രവര്‍ത്തനം ആരംഭിച്ചത്. കേന്ദ്രമന്ത്രിസഭയിൽ മറ്റ് അഴിച്ചുപണികളില്ലാതെ റിജിജുവിനെ മാത്രം മാറ്റുന്നതിനുള്ള കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ജഡ്‌ജി നിയമന വിവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങൾ അദ്ദേഹത്തിന്‍റെ ഭരണകാലത്ത് ഉയർന്നുവന്നിരുന്നു. കൊളീജിയം സംവിധാനത്തിലെ മാറ്റങ്ങളെക്കുറിച്ച് റിജിജു പറഞ്ഞ പ്രസ്‌താവനകൾ വലിയ വിവാദങ്ങളിലേക്ക് വഴിതെളിയിച്ചിരുന്നു.