ഹൈദരാബാദ് (തെലങ്കാന): ഹൈദരാബാദ് പൊലീസ് കമ്മിഷണറേറ്റിന് കീഴിലുള്ള ആസിഫ് നഗർ പൊലീസ് സ്റ്റേഷന്‍റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്‌ത് അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്‌ത് ഹാക്കർമാർ. ബുധനാഴ്‌ച രാത്രിയോടെയാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടത്. ഉടൻ തന്നെ ഫേസ്‌ബുക്ക് ടീം വീഡിയോകൾ ഡിലീറ്റ് ചെയ്യുകയും പേജ് മരവിപ്പിക്കുകയും ചെയ്‌തു. സംഭവത്തിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആസിഫ് നഗർ പൊലീസ് സ്റ്റേഷന്‍റെ ഫേസ്ബുക്ക് പേജിന് 6,000-ത്തിലധികം ഫോളോവേഴ്‌സാണുള്ളത്. ബുധനാഴ്‌ച രാത്രിയോടെ സ്റ്റേഷൻ കോണ്‍സ്റ്റബിൾ രവീന്ദർ ബാബു സ്റ്റേഷന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ലോഗിൻ ചെയ്യാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പല തവണ ശ്രമിച്ചെങ്കിലും പാസ്‌വേർഡ് തെറ്റ് എന്നാണ് കാണിച്ചിരുന്നത്.
തുടർന്ന് മൊബൈൽ ഫോണിൽ പൊലീസ് സ്റ്റേഷന്‍റെ ഫേസ്ബുക്ക് പേജ് പരിശോധിച്ചപ്പോഴാണ് അഞ്ചോളം അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്‌തിട്ടുള്ളതായി കണ്ടെത്തിയത്. ഉടൻ തന്നെ കോണ്‍സ്റ്റബിൾ മേലുദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. കൂടുതൽ പരിശോധനയിൽ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്‌തതായി കണ്ടെത്തി.
തുടർന്ന് ഇക്കാര്യം ഫേസ്‌ബുക്ക് ടീമിനെ അറിയിക്കുകയും വീഡിയോകൾ ഡിലീറ്റ് ചെയ്യുകയുമായിരുന്നു. അതേസമയം വിദേശത്ത് നിന്നാണ് പേജിൽ വീഡിയോകൾ അപ്‌ലോഡ് ചെയ്‌തതെന്ന് പൊലീസ് അറിയിച്ചു. 'വിദേശത്ത് നിന്നാണ് ഫേസ്‌ബുക്ക് പേജിലേക്ക് വീഡിയോകൾ അപ്‌ലോഡ് ചെയ്‌തിട്ടുള്ളത് എന്നാണ് പ്രഥമിക അന്വേഷണത്തിൽ നിന്ന് വ്യക്‌തമായത്.
ഹൈദരാബാദ് പൊലീസിന്‍റെ സൈബർ വിഭാഗം പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പൊലീസ് സ്റ്റേഷന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്‌ത സംഭവം ഗൗരവമായാണ് കാണുന്നത്. സംഭവത്തിൽ പ്രതികളെ ഉടൻ തന്നെ പിടികൂടും', പൊലീസ് വ്യക്‌തമാക്കി.
ഹാക്ക് ചെയ്‌തതിൽ കേരള പൊലീസിന്‍റെ യൂട്യൂബ് ചാനലും : ഇക്കഴിഞ്ഞ ജനുവരിയിൽ കേരള പൊലീസിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനലും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ജനുവരി 16ന് രാത്രി ഒരു മണിയോട് കൂടിയാണ് യൂട്യൂബ് ചാനൽ ഹാക്ക് ചെയ്‌തത്. ഹാക്കർമാർ ഡാവിഞ്ചി റിസോൾവ് 18 ക്രാക്ക്, ക്ലീനർ പ്രോ ക്രാക്ക് ലേറ്റസ്റ്റ് വേർഷൻ, ഓട്ടോ ഡെസ്‌ക് 3 ഡി എസ് മാക്‌സ് എന്നിങ്ങനെ മൂന്ന് ക്രാക്ക് വീഡിയോകളും യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്‌തിരുന്നു.
2,71,000 സബ്‌സ്‌ക്രൈബേഴ്‌സുള്ള കേരള പൊലീസ് ഒഫീഷ്യല്‍ യൂട്യൂബ് ചാനലില്‍ വീഡിയോ അപ്‌ലോഡ് ചെയ്‌ത് പത്ത് മണിക്കൂറിനുള്ളില്‍ തന്നെ 3000ത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. മൂന്ന് വീഡിയോകളുടെയും കമന്‍റ് ബോക്‌സുകള്‍ ഓഫ് ചെയ്‌തു വച്ചിട്ടുണ്ടായിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ സൈബർ വിദഗ്‌ധർ യൂട്യൂബ് അക്കൗണ്ട് തിരിച്ച് പിടിച്ചിരുന്നു.
പരസ്യ ബോർഡ് ഹാക്ക് ചെയ്‌ത് അശ്ലീല വീഡിയോ : ഇക്കഴിഞ്ഞ മാർച്ചിൽ ബിഹാറിലെ പട്‌ന ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിലെ പരസ്യ പ്രദർശന ബോർഡ് ഹാക്ക് ചെയ്‌ത് സ്‌ക്രീനിൽ അശ്ലീല വീഡിയോ പ്രദർശിപ്പിച്ച സംഭവവുമുണ്ടായിരുന്നു. പ്രധാന റോഡിന് അഭിമുഖമായുള്ള ബോർഡിന്‍റെ ഡിസ്‌പ്ലേ സ്‌ക്രീനിൽ രാത്രി 9.30ന് ശേഷമാണ് അശ്ലീല വീഡിയോകൾ പ്രത്യക്ഷമായത്.
ഉടൻ തന്നെ അധികൃതർ ഡിസ്‌പ്ലേ സ്‌ക്രീനിന്‍റെ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പട്‌ന ജങ്‌ഷനിലെ കൺസേൺഡ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്.