ചെന്നൈ: തിരുനൽവേലി ശങ്കർനഗറിൽ സ്വകാര്യ സിമന്‍റ് ഫാക്‌ടറിക്ക് സമീപത്ത് നിന്ന് ബോംബുകൾ കണ്ടെത്തി. ശക്‌തിയേറിയ ബോബുകളാണ് കണ്ടെത്തിയതെന്നും ഇവയെ നിർവീര്യമാക്കിയെന്നും പൊലീസ് അറിയിച്ചു.
കൊവിഡിനെ തുടർന്ന് തൊഴിലാളികളുടെ നിയന്ത്രണത്തോടെ പ്രവർത്തനാനുമതി ലഭിച്ച ഫാക്‌ടറിക്ക് സമീപത്ത് നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. സംസ്ഥാന സർക്കാരിന്‍റെ നിർദേശ പ്രകാരം തൊഴിലാളികളുടെ എണ്ണം കുറക്കുന്നതിന്‍റെ ഭാഗമായി തൊഴിലാളികളെ പിരിച്ചു വിട്ടിരുന്നു.
പിരിച്ചു വിട്ട തൊഴിലാളികൾക്ക് 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഫോൺ സന്ദേശം ലഭിച്ചുവെന്ന് ഫാക്‌ടറി ഉദ്യോഗസ്ഥർ പൊലീസിനെ അറിയിച്ചു. പണം നൽകാത്ത പക്ഷം ഫാക്‌ടറിയിൽ അഞ്ചിടങ്ങളിലായി ബോംബ് വക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തിയാണ് ബോംബ് കണ്ടെടുത്തത്. വിഷയത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു. തിരുനൽവേലി പൊലീസ് സൂപ്രണ്ട് സ്ഥലത്തെത്തി ഫാക്‌ടറിയിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി. അതേ സമയം ഫാക്‌ടറി ജീവനക്കാർ താൽക്കാലികമായി ജോലിയിൽ പ്രവേശിക്കേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ALSO READ: മഥുരയില്‍ പെണ്‍കുട്ടിയെ ടെറസില്‍ നിന്ന് തള്ളിയിട്ടു