ന്യൂഡല്‍ഹി: ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനായി സ്‌പുട്‌നിക് 5 വാക്‌സിന് അനുമതി നല്‍കി സബ്‌ജക്‌ട് എക്സ്പേര്‍ട്ട് കമ്മിറ്റി. രാജ്യത്ത് അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനാണ് സ്‌പുട്‌നിക് 5. നിലവില്‍ കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവയാണ് ഇന്ത്യയില്‍ വികസിപ്പിക്കുന്നത്. വ്യാഴാഴ്ച കമ്മിറ്റിയുമായി നടന്ന യോഗത്തില്‍ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി റഷ്യന്‍ നിര്‍മിത വാക്‌സിന് ലഭിച്ചിരുന്നില്ല. വാക്സിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് നടത്തിയ യോഗത്തിലാണ് അംഗീകാരം ലഭിച്ചത്.
സ്‌പുട്‌നിക് 5 ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി തേടി ഡോ റെഡ്ഡീസ് നല്‍കിയ അപേക്ഷ സർക്കാർ രൂപീകൃത സമിതി പരിശോധിച്ചിരുന്നു. റഷ്യൻ വാക്‌സിന് 91.6 ശതമാനം ഫലപ്രാപ്തി ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. ഇന്ത്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും സ്‌പുട്‌നിക് 5 വാക്‌സിൻ എത്തിക്കുന്നതിനായി ഡോ റെഡ്ഡീസ് ലാബ്, റഷ്യന്‍ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടുമായി (ആർഡിഎഫ്) ധാരണയിലെത്തിയിരുന്നു.
Also Read: ലോകത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് വര്‍ധനയുമായി ഇന്ത്യ
ഈ വർഷം അവസാനത്തോടെ അഞ്ച് നിർമാതാക്കളിൽ നിന്ന് വാക്‌സിനുകൾ ലഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. സ്‌പുട്‌നിക് 5 ന് പുറമെ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ (ബയോളജിക്കല്‍ ഇ യുമായി സഹകരിച്ച്), നോവവാക്സ് ( സെറം ഇന്ത്യയുമായി സഹകരിച്ച്), സൈഡസ് കാഡില, ഭാരത് ബയോടെക്കിന്‍റെ ഇൻട്രനാസൽ എന്നിവയാണ് പുതുതായി വികസിപ്പിക്കുന്ന വാക്‌സിനുകള്‍. പുതിയവയ്ക്ക് അംഗീകാരം നല്‍കുമ്പോള്‍ സര്‍ക്കാരിന്‍റെ പ്രഥമ ആശങ്ക സുരക്ഷയും, ഫലപ്രാപ്തിയുമാണ്. ക്ലിനിക്കല്‍, പ്രീക്ലിനിക്കല്‍ സ്റ്റേജുകള്‍ കൃത്യമായി പരിശോധിച്ച ശേഷമായിരിക്കും അംഗീകാരം നല്‍കുക. ഇന്ത്യയില്‍ കൊറോണ വൈറസിന്‍റെ രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.68 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ്. ഇതോടെ രോഗവ്യാപനത്തില്‍ ഇന്ത്യയുടെ സ്ഥാനം രണ്ടായി.
Also Read: ഒക്ടോബറോടെ 5 പുതിയ വാക്സിനുകള്‍ ലഭ്യമാക്കാന്‍ കേന്ദ്രം