ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ കുത്തബ് മിനാറിന്‍റെ തെക്ക് ഭാഗത്ത് ഖനനം ആരംഭിക്കാൻ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്‍റെ ഉത്തരവ്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കാണ് (എഎസ്ഐ) നിര്‍ദേശം. കുത്തബ് മിനാർ നിർമിച്ചത് കുത്ബുദ്ദീന്‍ ഐബക്കല്ലെന്നും സൂര്യന്‍റെ ദിശ പഠിക്കാൻ മഹാരാജാവ് വിക്രമാദിത്യനാണ് രൂപകല്‍പ്പന ചെയ്‌തതെന്നും എഎസ്‌ഐയുടെ മുൻ റീജ്യണല്‍ ഡയറക്‌ടർ ധരംവീർ ശർമ അവകാശപ്പെട്ടതിനെ തുടർന്നാണ് കേന്ദ്രനീക്കം.
കുത്തബ് മിനാറിനൊപ്പം, ലാൽകോട്ട് കോട്ട ഉൾപ്പടെ സമീപത്തെ മറ്റ് നിർമിതികളും ഖനനം ചെയ്യാൻ ഉത്തരവിട്ടിട്ടുണ്ട്. ഉത്ഖനനത്തിനുള്ള ഉത്തരവുകൾ പാസാക്കുന്നതിന് മുമ്പ്, സാംസ്‌കാരിക സെക്രട്ടറി ഗോവിന്ദ് സിംഗ്, മോഹൻ മൂന്ന് ചരിത്രകാരന്മാരും, നാല് എഎസ്ഐ ഉദ്യോഗസ്ഥരും, അന്വേഷണ ഉദ്യോഗസ്ഥരും ഉൾപ്പടെ 12 ഉദ്യോഗസ്ഥരുടെ സംഘത്തോടൊപ്പം സ്‌മാരകം സന്ദർശിച്ചു.
Also read: കുത്തബ് മിനാറിന്‍റെ പേര് 'വിഷ്‌ണു സ്‌തംഭം' എന്നാക്കണം: പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ
1991 ലാണ് സ്‌മാരകത്തില്‍ അവസാനം ഉത്ഖനനം നടന്നതെന്ന് സംഘത്തിലെ എഎസ്ഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കുത്തബ് മിനാർ യഥാർഥത്തിൽ ഒരു 'വിഷ്‌ണു സ്‌തംഭം' ആണെന്നും വിദേശ ഇസ്ലാമിക അക്രമികള്‍ നിരവധി ഹിന്ദു ക്ഷേത്രങ്ങൾ തകർത്ത് അവിടെ പള്ളി പണിതിട്ടുണ്ടെന്നും വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) വക്താവ് വിനോദ് ബൻസാൽ ആരോപിച്ചിരുന്നു.
ഗ്യാൻവാപി മസ്‌ജിദ് പ്രശ്‌നം (മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്‍റെ കാലഘട്ടത്തില്‍, സ്ഥലത്തുണ്ടായിരുന്ന ക്ഷേത്രം പൊളിച്ച് പള്ളി നിര്‍മിച്ചുവെന്ന വിവാദം) രൂക്ഷമായതോടെ ചില വലതുപക്ഷ പാർട്ടികളും കുത്തബ് മിനാറിന് മുന്നിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഉച്ചഭാഷിണി വിഷയത്തെ തുടര്‍ന്ന്, ഒരു വിഭാഗം സ്‌മാരകത്തിന് മുന്നിൽ ഹനുമാൻ ചാലിസ ആലപിച്ചിരുന്നു.