ബെംഗളൂരു : ദേശീയപാത വികസനത്തിന്‍റെ ഭാഗമായി വീട് പൊളിക്കുന്നതിനിടെ എഞ്ചിനീയറുടെ വീട്ടിൽ നിന്ന് ഏഴ് ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ (ഇവിഎം) കൺട്രോൾ യൂണിറ്റുകൾ കണ്ടെത്തി. ദൊഡ്ഡബല്ലാപ്പൂർ കൺസ്ട്രക്ഷൻ സെന്‍റർ എൻജിനീയറായ മോപ്പറഹള്ളി വില്ലേജിലെ താമസക്കാരനായ ശിവകുമാറിന്‍റെ വീട്ടിൽ നിന്നാണ് മെഷീനുകൾ കണ്ടെത്തിയത്.
വീട് പൊളിക്കുന്നതിനിടെയാണ് മെഷീനുകൾ കണ്ടെത്തിയത്. തഹസിൽദാർ മോഹൻ കുമാരി സ്ഥലത്തെത്തി പരിശോധന നടത്തി. 2018ലെ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചതും ഉപേക്ഷിച്ചതുമായ ഇവിഎം കൺട്രോൾ യൂണിറ്റ് മിഷനുകളാണിവയെന്ന് തഹസിൽദാർ മോഹൻ കുമാരി അറിയിച്ചു. പിടിച്ചെടുത്ത മെഷീനുകൾ നടപടിക്കായി മാറ്റിയെന്നും തഹസിൽദാർ അറിയിച്ചു.
ആർവിഎമ്മുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ : അതേസമയം രാജ്യത്ത് എവിടെ നിന്നും വോട്ട് ചെയ്യാനുള്ള സംവിധാനത്തിന്‍റെ അവസാന ഘട്ട പണികളിലാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ. രാജ്യത്തെ ആഭ്യന്തര കുടിയേറ്റക്കാർക്കായി റിമോട്ട് വോട്ടിങ് മെഷീൻ (Remote Electronic Voting Machine- RVM) എന്ന പദ്ധതിയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അവതരിപ്പിച്ചിട്ടുള്ളത്.
അന്യ സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവർക്ക് ഈ സൗകര്യം ഉപയോഗിച്ച് തങ്ങളുടെ നിയോജകമണ്ഡലത്തിൽ തന്നെ വോട്ട് ചെയ്യാൻ സാധിക്കും എന്നതാണ് ഇതിന്‍റെ പ്രത്യേകത. സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ജനങ്ങളുടെ പങ്കാളിത്തം കുറയുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പുതിയ സംവിധാനവുമായി രംഗത്തെത്തിയത്.
ആർവിഎമ്മിന് ഇന്‍റർനെറ്റ് സൗകര്യങ്ങൾ ആവശ്യമില്ലെന്നതും ശ്രദ്ധേയമാണ്. നിലവിൽ ഒരു വോട്ടിങ് യന്ത്രത്തിൽ ആ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ പട്ടിക മാത്രമേ ഉണ്ടാകൂ. എന്നാൽ 72 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക റിമോട്ട് മെഷീനിൽ ഉൾപ്പെടുത്താനാകും.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അധ്യക്ഷനായി രാജീവ് കുമാര്‍ അധികാരമേറ്റതോടെയാണ് കുടിയേറ്റ തൊഴിലാളികള്‍ക്ക് തങ്ങളുടെ നിയോജക മണ്ഡലത്തില്‍ വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കുക എന്ന ആശയത്തിലേക്ക് കമ്മിഷന്‍ എത്തിച്ചേർന്നത്. തുടര്‍ന്ന് പോളിങ് സ്റ്റേഷനുകള്‍ക്ക് പുറത്തേക്കുള്ള വോട്ടിങ് നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ എം3 ഇവിഎമ്മുകളുടെ പരിഷ്‌കരിച്ച പതിപ്പ് ഉപയോഗിക്കാന്‍ കമ്മിഷന്‍ പദ്ധതിയിടുകയായിരുന്നു.
ഇതിലൂടെ സ്വന്തം മണ്ഡലത്തിലെത്തി വോട്ട് ചെയ്യാന്‍ കഴിയാത്ത കുടിയേറ്റ തൊഴിലാളികള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. റിമോര്‍ട്ട് കണ്‍ട്രോള്‍ യൂണിറ്റ്, റിമോര്‍ട്ട് ബാലറ്റ് യൂണിറ്റ്, റിമോര്‍ട്ട് വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍, കോണ്‍സ്റ്റിറ്റിയൂന്‍സി കാര്‍ഡ് റീഡര്‍, പബ്ലിക് ഡിസ്‌പ്ലേ കണ്‍ട്രോള്‍ എന്നിവയാണ് ആര്‍വിഎമ്മിൽ അടങ്ങിയിരിക്കുന്നത്.
ആര്‍വിഎം വോട്ടിങ് തെരഞ്ഞെടുക്കാനായി സമ്മതിദായകര്‍ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. തുടര്‍ന്ന് സമ്മതിദായകന്‍റെ രേഖകള്‍ പരിശോധിച്ച ശേഷം മാത്രമായിരിക്കും റിമോര്‍ട്ട് വോട്ടിങ് സംവിധാനം ഉപയോഗിക്കുന്നതിന് അനുമതി നല്‍കുക.