ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഹിമപ്പുലിയുണ്ടെന്നതിന് കൂടുതൽ തെളിവുകൾ കണ്ടെത്തി. കശ്‌മീരിലെ ഉയർന്ന ബാൽട്ടാൽ സോജില മേഖലയിലാണ് പരിസ്ഥിതി പ്രവർത്തകർ ഹിമപ്പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. നേച്ചർ കൺസർവേഷൻ ഫൗണ്ടേഷൻ സ്ഥാപിച്ച കാമറയിലാണ് പുലിയുടെ ചിത്രങ്ങൾ പതിഞ്ഞിട്ടുള്ളത്.
ഹിമപ്പുലിയെ കൂടാതെ ഏഷ്യാറ്റിക് ഐബെക്‌സ്, ബ്രൗൺ ബിയർ, കശ്‌മീർ കസ്‌തൂരിമാൻ തുടങ്ങി മറ്റു പല അപൂർവ ജീവജാലങ്ങളുടെ ചിത്രങ്ങളും കാമറയിൽ പതിഞ്ഞിട്ടുണ്ട്. വന്യജീവി സംരക്ഷണ വകുപ്പും നാഷണൽ കൺസർവേഷൻ ഫൗണ്ടേഷനും എൻജിഒകളുമായി ചേർന്ന് ഹിമപ്പുലികളെ കുറിച്ച് സർവേകൾ നടത്തിവരികയായിരുന്നു. ഹിമപ്പുലികളുടെ സാന്നിധ്യവും സമൃദ്ധിയും അറിയുന്നതിന് സ്‌നോ ലെപാർഡ് പോപ്പുലേഷൻ അസസ്‌മെന്‍റ് ഓഫ് ഇന്ത്യ പദ്ധതിയുടെ ഭാഗമായി നടത്തിയ സർവേയിലാണ് ചിത്രങ്ങൾ പുറത്തുവന്നത്.
ആഷിക് ദാർ, ഐജാസ് റെയ്‌ന, തൻസിൻ തക്തൻ, റിഞ്ചൻ തുബ്‌ഗെ, കെസാങ് ചുനിത് എന്നിവരാണ് ഹിമപ്പുലികളുമായി ബന്ധപ്പെട്ട സർവേയിൽ പ്രവർത്തിച്ചത്. ഹിമപ്പുലികൾ പാരിസ്ഥിതിക മാറ്റങ്ങളോട് അതിവേഗം പ്രതികരിക്കുന്നവയാണെന്നും അതിനാൽ അവയ്‌ക്ക് ഭീഷണിയാകുന്ന ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾക്ക് സുസ്ഥിരമായ പരിഹാരം കാണേണ്ടത് ആവശ്യമാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. വ്യാപകമായ വേട്ടയാടൽ കാരണം ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്‍റെ റെഡ് ലിസ്റ്റിൽ ഹിമപ്പുലിയേയും രേഖപ്പെടുത്തിയിട്ടുണ്ട്.
പുതിയ തെളിവുകൾ പുറത്ത് വരുന്നതോടെ ഹിമപ്പുലിയുടെ സംരക്ഷണത്തിന്‍റെ ഉത്തരവാദിത്തം വർധിക്കുമെന്ന് വിദഗ്‌ധർ പറഞ്ഞു.