ചെന്നൈ: തമിഴ്‌നാനാട്ടിലെ ഡിണ്ടിഗലില്‍ കൈക്കൂലി കേസിൽ അറസ്റ്റിലായ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥനെതിരെ വീഡിയോ ദൃശ്യങ്ങളടക്കം തെളിവാക്കി പൊലീസ് (Evidence Against ED Officer In Bribe Case). ഇഡി ഉദ്യോഗസ്ഥനായ അങ്കിത് തിവാരിക്ക് കൈക്കൂലി തുകയുടെ ആദ്യ ഗഡുവായ 20 ലക്ഷം രൂപ നൽകുന്നതിന്‍റെ ദൃശ്യങ്ങൾ തന്‍റെ പക്കലുണ്ടെന്നും, ഇത് പൊലീസ് എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പരാതിക്കാരനായ ഡോക്‌ടർ ടി സുരേഷ് ബാബു സ്ഥിരീകരിച്ചു. ഡിണ്ടിഗല്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടാണ് ഡോ. സുരേഷ് ബാബു.
കൈക്കൂലിയായ 20 ലക്ഷം രൂപ തൻ്റെ കാറിന്‍റെ ഡിക്കിയിലിടാനാണ് അങ്കിത് തിവാരി നിർദ്ദേശം നൽകിയത്. തുടർന്ന് ഡോക്‌ടറുടെ ഡ്രൈവർ തുക ഡിക്കിയിൽ നിക്ഷേപിക്കുകയായിരുന്നു. ഇത് ഡോക്‌ടറുടെ കാറിന്‍റെ മുൻഭാഗത്ത് ഘടിപ്പിച്ചിരുന്ന ഡാഷ്ബോർഡ് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കൈക്കൂലി ഇടാൻ വേണ്ടി അങ്കിത് കാറിന്‍റെ ഡിക്കി തുറക്കുന്നതും ഡ്രൈവർ പണം അതിലേക്ക് ഇടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇന്നലെ (വെള്ളിയാഴ്‌ച) മധുരയ്ക്ക് സമീപമുള്ള ഹൈവേയിൽ വച്ചാണ് കൈക്കൂലി കൈമാറ്റം നടന്നത്.
തമിഴ്‌നാട് പോലീസിന്‍റെ അഴിമതി വിരുദ്ധ വിഭാഗമായ ഡിവിഎസി (Directorate of Vigilance and Anti-Corruption) അനധികൃത സ്വത്ത് സമ്പാദനത്തിന് ഡോക്‌ടർക്കെതിരെ കേസെടുത്തിരുന്നു. ഈ കേസിൽ ഇഡി നടപടി ഒഴിവാക്കാനാനെന്ന പേരിലാണ് അങ്കിത് തിവാരി ഡോക്‌ടറെ സമീപിച്ചത്. ഒക്ടോബർ 30 നാണ് നടപടി ഒഴിവാക്കാൻ തിവാരി ഡോക്‌ടറോട് മൂന്ന് കോടി രൂപ ആവശ്യപ്പെട്ടത്. ഇത് തന്‍റെ മേലുദ്യോഗസ്ഥനുവേണ്ടിയാണെന്നാണ് അന്ന് ഇയാൾ ഡോക്‌ടറോട് പറഞ്ഞത്. പിന്നീട് ഇയാൾ കൈക്കൂലി തുക 51 ലക്ഷം രൂപയായി കുറച്ചതായും ഡോക്ർ സുരേഷ് ബാബു ആരോപിക്കുന്നു.
അഴിമതി കേസില്‍ ഇഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിലായതിന് പിന്നാലെ മധുരയിലെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഓഫിസില്‍ ഡിവിഎസിയുടെ റെയ്‌ഡ് നടന്നിരുന്നു. ഇഡി ഓഫിസില്‍ അങ്കിത് തിവാരിയുടെ മുറിയിലാണ് സംഘം പരിശോധന നടത്തിയത്. ഇതാദ്യമായാണ് ഇഡി ഓഫിസില്‍ വിജിലന്‍സ് പരിശോധന നടത്തുന്നത്. സംഭവം ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ വലിയ അമ്പരപ്പ് സൃഷ്‌ടിച്ചു.
Also Read: 15 ലക്ഷം കൈക്കൂലി കൈപ്പറ്റി ; ഇഡി ഉദ്യോഗസ്ഥനും കൂട്ടാളിയും അറസ്റ്റില്‍
പരിശോധനയെ തുടര്‍ന്ന് നൂറിലധികം പൊലീസുകാരെയാണ് സ്ഥലത്ത് വിന്യസിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ ഇന്തോ- ടിബറ്റന്‍ അര്‍ധ സൈനിക സേനയിലെ 50 അംഗങ്ങളെയും സുരക്ഷയ്‌ക്കായി നിയമിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി അങ്കിത് തിവാരി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റില്‍ ജോലി ചെയ്യുകയാണ്. നേരത്തെ 4 അക്കൗണ്ടിങ് സ്ഥാപനങ്ങളിലും ഇയാള്‍ ജോലി ചെയ്‌തിരുന്നു.