ന്യൂഡല്‍ഹി/മുംബൈ : യുക്രൈനില്‍ കുടുങ്ങിയ 806 ഇന്ത്യക്കാരെക്കൂടി നാട്ടില്‍ തിരിച്ചെത്തിച്ചു. റൊമേനിയ, ഹംഗറി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇവരെ വിമാനം വഴി രാജ്യത്തെത്തിക്കുകയായിരുന്നു. യുക്രൈനില്‍ നിന്ന് ഈ അതിര്‍ത്തി രാജ്യങ്ങളിലേക്ക് ഇവര്‍ റോഡ് മാര്‍ഗമാണ് വന്നത്.
628 പേര്‍ ഡല്‍ഹി വിമാനത്താവളത്തിലാണ് ഇറങ്ങിയത്. 183 പേര്‍ മുംബൈ വിമാനത്താവളത്തിലും എത്തിച്ചേര്‍ന്നു. ഡല്‍ഹിയില്‍ പ്രതിരോധ സഹമന്ത്രി അജയ്ഭട്ടും, മുംബൈയില്‍ കേന്ദ്ര റെയില്‍വെ സഹമന്ത്രി റാവുസാഹേബ് ദന്‍വെയും യാത്രക്കാരെ സ്വീകരിച്ചു.
ALSO READ: ഖാര്‍സണ്‍ നഗരം പിടിച്ചെടുത്ത് റഷ്യ ; കീവിലും ഖാര്‍കീവിലും ജനവാസ മേഖലയില്‍ ആക്രമണം
യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി നാല് കേന്ദ്രമന്ത്രിമാര്‍ അതിര്‍ത്തി രാജ്യങ്ങളിലാണ്. ഹംഗറിയില്‍ ഹര്‍ദീപ് സിങ് പൂരി, റൊമേനിയയില്‍ ജ്യോതിരാദിത്യ സിന്ധ്യ, സ്ലോവാക്കിയയില്‍ കിരണ്‍ റിജുജു, പോളണ്ടില്‍ വി.കെ സിങ് എന്നിവരാണ് ഉള്ളത്. ഓപ്പറേഷന്‍ ഗംഗ എന്ന പേരിലാണ് രക്ഷാദൗത്യം.