ന്യൂഡൽഹി: ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങുന്നവരുടെ ഏറ്റവും വലിയ ആശങ്കയാണ് എവിടെയാണ് ഇത് ചാർജ് ചെയ്യുക എന്നത്. രാജ്യത്ത് പെട്രോൾ, ഡീസല്‍ പമ്പുകളുടെ സാന്നിധ്യം പോലെ ഇലക്‌ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യം വളരെ കുറവാണ് എന്നതാണ് യാഥാർഥ്യം. ഇനി അഥവാ ചാർജിങ് സ്റ്റേഷൻ ഉണ്ടെങ്കില്‍ തന്നെ അത് കണ്ടെത്താനുള്ള പ്രയാസവും അധികമാണ്.
പരിഹാരമായി ഇവി യാത്ര പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും: ഏറ്റവും അടുത്തുള്ള ഇലക്‌ട്രിക് വാഹന ചാർജിങ് സ്റ്റേഷനിലേക്ക് എത്താനുള്ള മൊബൈല്‍ ആപ്ലിക്കേഷൻ ദേശീയ ഊർജ സംരക്ഷണ ദിനത്തില്‍ (ഡിസംബർ 14) രാഷ്ട്രപതി ദ്രൗപതി മുർമു പുറത്തിറക്കും. അതിനൊപ്പം ചാർജിങ് പോയിന്‍റ് ഓപ്പറേറ്റർമാർക്ക് (സിപിഒ) അവരുടെ ചാർജിങ് വിശദാംശങ്ങൾ ദേശീയ ഓൺലൈൻ ഡാറ്റാബേസിൽ സുരക്ഷിതമായി രജിസ്റ്റർ ചെയ്യുന്നതിന് ഒരു വെബ് പോർട്ടലും വികസിപ്പിച്ചെടുത്തിട്ടുണ്ട്. കേന്ദ്ര ഊർജ വൈദ്യുത മന്ത്രാലയം പുറത്തിറക്കിയ ഇ-മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ കേന്ദ്ര, സംസ്ഥാന തലത്തിലുള്ള സംരംഭങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ വെബ്‌സൈറ്റും രാഷ്‌ട്രപതി ഡിസംബർ 14ന് രാജ്യത്തിന് സമർപ്പിക്കും.
ഡിസംബർ 14 ന് ഊർജ സംരക്ഷണ ദിനം: ഊർജ കാര്യക്ഷമതയിലും സംരക്ഷണത്തിലും രാജ്യം കൈവരിച്ച നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതിനായാണ് എല്ലാ വർഷവും ഡിസംബർ 14 ന് ഊർജ സംരക്ഷണ ദിനം ആചരിക്കുന്നത്. ചടങ്ങിൽ കേന്ദ്ര ഊർജ മന്ത്രി ആർ കെ സിങ്, വൈദ്യുതി മന്ത്രി കൃഷൻ പാൽ, ഊർജ മന്ത്രാലയം സെക്രട്ടറി അലോക് കുമാർ എന്നിവരും പങ്കെടുക്കും. ദേശീയ ഊർജ സംരക്ഷണ അവാർഡുകൾ, നാഷണൽ എനർജി എഫിഷ്യൻസി ഇന്നൊവേഷൻ അവാർഡുകൾ എന്നിവയുടെ വിജയികളെയും പരിപാടിയില്‍ രാഷ്‌ട്രപതി അനുമോദിക്കുമെന്ന് വൈദ്യുതി മന്ത്രാലയം അറിയിച്ചു.