ന്യൂഡൽഹി : ആരോഗ്യകരവും രോഗരഹിതവുമായ ജീവിതം നയിക്കുന്നതിന് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ് ബാബ രാംദേവ്. ഇടിവി ഭാരതുമായുള്ള പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം വിവരങ്ങൾ പങ്കുവച്ചത്. ജനങ്ങൾക്ക് ആരോഗ്യകരവും സമ്മർദരഹിതവുമായ ജീവിതം നയിക്കുന്നതിന് പതഞ്ജലി എങ്ങനെ സഹായിക്കുന്നുവെന്നും അദ്ദേഹം സംസാരിച്ചു.
തന്‍റെ കഷ്‌ടതകൾ നിറഞ്ഞ ജീവിതത്തെ കുറിച്ച് സംസാരിച്ച അദ്ദേഹം ബുദ്ധിമുട്ടുകൾ ഉള്ള ജീവിതം നിർജീവമാണെന്ന് പറഞ്ഞു. 'ഞങ്ങൾ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ പതഞ്ജലി ആരംഭിച്ചപ്പോൾ അത് ഒരു വലിയ വെല്ലുവിളിയായി തോന്നിയിരുന്നു. എന്നാൽ ഞങ്ങളുടെ കഠിനധ്വാനവും നിശ്ചദാർഢ്യവും ഉയർന്ന ഫലം നൽകി' -ബാബ രാംദേവ് പറഞ്ഞു.
കഠിനധ്വാനം ഫലം കണ്ടു : 'ഇപ്പോൾ തിരിഞ്ഞു നോക്കേണ്ട സാഹചര്യമില്ല. ഞങ്ങളുടെ ഉത്‌പന്നങ്ങൾ ഒരു വീട്ടുപേരുപോലെയായി മാറിയിരിക്കുന്നു. ഞങ്ങളുടെ കഠിനാധ്വാനത്തിന്‍റെ നേട്ടങ്ങൾ ഞങ്ങൾ ഇപ്പോൾ കൊയ്യുകയാണ്. സമൂഹത്തിനും രാജ്യത്തിനും വേണ്ടിയുള്ള എന്‍റെ നിസ്വാർഥ സേവനം ഇനിയും തുടരും' -അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇതൊരു തുടക്കം മാത്രമാണ്. ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്. ഞങ്ങളുടെ ഉത്‌പന്നങ്ങളിൽ രാസവസ്‌തുക്കളോ മൃഗ പ്രോട്ടീനുകളോ അടങ്ങിയിട്ടില്ല. ഒരാൾക്ക് ജിമ്മിൽ വ്യായാമം ചെയ്യാനും യോഗ ആസനങ്ങൾ ചെയ്യാനും കഴിയും. രണ്ടും ചെയ്യുന്നതാണ് ഉചിതം' -ബാബ രാംദേവ് പറയുന്നു.
വ്യായാമവും യോഗയും ഉചിതം : 'ജിമ്മിൽ വെയിറ്റ് ട്രെയിനിങ് ചെയ്യുന്നത് പേശികളുടെ ദൃഢതയ്‌ക്ക് കാരണമാകുന്നു. എന്നാൽ വ്യായാമത്തിന്‍റെയും യോഗയുടെയും സംയോജനം മനസിനും ശരീരത്തിനും ഒരുപോലെ ഗുണം ചെയ്യും. പേശികൾ പുഷ്‌ടിപ്പെടുത്തുന്നതിന് പ്രോട്ടീൻ പൗഡർ കഴിക്കേണ്ടതില്ലെന്നാണ് ഞങ്ങൾ നിർദേശിക്കുന്നത്'. പാലും നെയ്യും അനുബന്ധ ഉത്‌പന്നങ്ങളും കഴിക്കുന്നത് തന്നെ ശരീരത്തിന് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതിദത്ത ഉത്പന്നങ്ങൾ : സിന്തറ്റിക് അല്ലെങ്കിൽ കെമിക്കൽ അധിഷ്‌ഠിത ഉത്പന്നങ്ങൾ കഴിച്ച് ജനങ്ങൾ അവരുടെ ആരോഗ്യം നശിപ്പിക്കുകയാണ്. ഇത്തരം ഉത്പന്നങ്ങൾ ഉപയാഗിക്കുന്നത് വൃക്ക, ഹൃദയം, കരൾ രോഗങ്ങൾക്ക് കാരണമാകുന്നു. അതിനാൽ 100 ശതമാനം രാസവസ്‌തു രഹിതവും പ്രകൃതിദത്തവുമായ വിറ്റാമിൻ ബി12, വിറ്റാമിൻ ഡി, കാൽസ്യം, ഇരുമ്പ്, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ തങ്ങളുടെ കമ്പനി നിർമിക്കാൻ തുടങ്ങിയതായും പതഞ്‌ജലിയുടെ ഉത്പന്നങ്ങളിൽ ആക്‌ടീവ് പ്രോട്ടീനുകൾ ഉള്ളതായും അദ്ദേഹം പറഞ്ഞു. മൃഗങ്ങളെ കൊന്ന് തങ്ങൾ ചേരുവകൾ ഉപയോഗിക്കുന്നില്ല. പരഞ്‌ജലിയുടെ ഉത്പന്നങ്ങളിലെ ചേരുവകൾ പൂർണമായും പ്രകൃതിദത്തമാണെന്നും അദ്ദേഹം പറഞ്ഞു.