ഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക ബിജെപി ഇന്ന് പുറത്തു വിടും. 55 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയിലെ പേരുകള്‍ ഇതിനകം തന്നെ ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. മേധക് ജില്ലയിലെ ഗജ്വെല്‍ മണ്ഡലത്തില്‍ നിന്നും ജന വിധി തേടുന്ന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെതിരെ (കെസിആർ) ഏറെക്കാലം അദ്ദേഹത്തിന്‍റെ ഉറ്റ അനുയായിയായിരുന്ന എട്ടല രാജേന്ദറിനെ മല്‍സരിപ്പിക്കാനാണ് ബിജെപി തീരുമാനം.
വെള്ളിയാഴ്ച രാത്രി ഡള്‍ഹിയിലെ ബി ജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി യോഗം പട്ടികക്ക് അന്തിമ അനുമതി നല്‍കിയതായി അറിയുന്നു. യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷന്‍ ജെപി നഢ, ദേശീയ സംഘടന സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവര്‍ക്കു പുറമേ തെലങ്കാന സംസ്ഥാന ബിജെപി അധ്യക്ഷന്‍ ജി. കിഷന്‍ റെഢി, ഒ ബി സി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ ഡോ. ലക്ഷ്മണ്‍, പ്രഭാരിമാരായ തരുണ്‍ഛഗ്, സുനില്‍ ബന്‍സാല്‍, മുതിര്‍ന്ന നേതാവ് എട്ടല രാജേന്ദര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തതായാണ് വിവരം. എട്ടല രാജേന്ദറിനെ അദ്ദേഹത്തിന്‍റെ സിറ്റിങ്ങ് സീറ്റായ ഹുസൂറാബാദിനു പുറമേയാണ് കെസിആറിന്‍റെ മണ്ഡലമായ ഗജ്വെലിലും മല്‍സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്.
കരുത്തനാണ് എട്ടല രാജേന്ദർ: ടിആര്‍എസ് രൂപീകൃതമായതു മുതല്‍ അതിന്‍റെ മുന്‍ നിര നേതാക്കളിലൊരാളായിരുന്നു എട്ടല രാജേന്ദര്‍. ആന്ധ്ര നിയമസഭയില്‍ ടിആര്‍എസ്സിന്‍റെ സഭകക്ഷി നേതാവായിരുന്നു അദ്ദേഹം. തെലങ്കാന സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം ചന്ദ്ര ശേഖരറാവു മന്ത്രി സഭയില്‍ ആദ്യത്തെ ധനമന്ത്രിയായും അദ്ദേഹം നിയോഗിക്കപ്പെട്ടു. മേധക് ജില്ലയിലെ അച്ചംപോട്ട് ഹക്കീം പേട്ട് വില്ലേജുകളില്‍ ചെമ്മീന്‍കെട്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഭൂമി കൈയേറ്റ ആരോപണങ്ങളെത്തുടര്‍ന്ന് മന്ത്രിസ്ഥാനത്തു നിന്ന് പുറത്തായ എട്ടല രാജേന്ദര്‍ പാര്‍ട്ടി വിടുകയായിരുന്നു.
എംഎല്‍എ സ്ഥാനം രാജി വെച്ച അദ്ദേഹം 2021 ജൂണില്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. അതിനു ശേഷം സ്വന്തം മണ്ഡലമായ ഹുസൂറാബാദില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് 24000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷം നേടിയ രാജേന്ദര്‍ ടിആര്‍എസ് കോട്ടകളെ ഞെട്ടിച്ചിരുന്നു. ടിആര്‍എസ് പിന്നീട് ബിആർഎസ് ആയി മാറിയെങ്കിലും കെസിആറിന്‍റെ രാഷ്ട്രീയ തന്ത്രങ്ങളും മര്‍മ്മങ്ങളും നന്നായി അറിയാവുന്ന രാജേന്ദറിനെ രംഗത്തിറക്കി ബിആര്‍എസ്സിനെയും കെഎസിആറിനെയും തറ പറ്റിക്കാനാണ് ബിജെപി കരു നീക്കുന്നത്.
തെലങ്കാന പിടിക്കാൻ ബിജെപി: തെലങ്കാനയില്‍ നിന്നുള്ള നാല് ബിജെപി എംപി മാരില്‍ മൂന്നു പേരെ നിയമസഭ തെരഞ്ഞെടുപ്പില്‍ രംഗത്തിറക്കാനും തീരുമാനമായി. കരീം നഗറില്‍ നിന്നുള്ള എംപിയും ബി ജെപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ ബണ്ടി സഞ്ജയ് കരീം നഗര്‍ നിയമസഭ സീറ്റില്‍ നിന്ന് മത്സരിക്കും. അദിലാബാദ് എം പി സോയാം ബാപ്പുറാവുവും നിസാമാബാദ് എംപി ധര്‍മ്മപുരി അരവിന്ദും നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കും. മുന്‍ എംപി ജി വിവേക് ചെന്നുരുവിലും ദേശീയ വൈസ് പ്രസിഡന്‍റ് ഡി.കെ അരുണ ഗഡ്വാളിലും മല്‍സരിക്കും.
മുന്‍ എംഎല്‍എമാരും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളും ഇത്തവണത്തെ പട്ടികയിലും ഇടം പിടിച്ചതായാണ് വിവരം. കിഷന്‍ റെഢിക്കും കെ ലക്ഷ്മണിനുമായിരിക്കും പ്രചാരണ ചുമതല. ഇരുവരേയും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആകയുള്ള 119 സീറ്റുകളില്‍ പകുതി സീറ്റുകളിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലാണ് ഇനി തീരുമാനമാകാനുള്ളത്. നവംബര്‍ 30 നാണ് തെലങ്കാനയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ മൂന്നിന് ഫലമറിയാം.