ബംഗളൂരു : കരാറുകാരന്‍ സന്തോഷ് പാട്ടീല്‍ ആത്മഹത്യ ചെയ്‌ത കേസില്‍ പ്രതിയാക്കപ്പെട്ട കര്‍ണാടക ഗ്രാമ വികസന വകുപ്പ് മന്ത്രി കെ എസ് ഈശ്വരപ്പയുടെ രാജി സർക്കാരിന് തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഈശ്വരപ്പയെ അറസ്റ്റുചെയ്യുന്നത് വരെ പ്രതിഷേധം തുടരുമെന്നറിയിച്ച കോൺഗ്രസിനോട് സ്വയം അന്വേഷകരോ ജഡ്‌ജിമാരോ ആവാൻ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് കെ എസ് ഈശ്വരപ്പയ്ക്കെതിരെ പൊലീസ് കേസെടുത്തത്.
ഈശ്വരപ്പയ്‌ക്കെതിരെ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും അന്വേഷണത്തിൽ സത്യം പുറത്തുവരുമെന്നും ബൊമ്മൈ മാധ്യമങ്ങളോട് പറഞ്ഞു. കരാറുകാരന്‍റെ മരണത്തില്‍ പങ്കില്ലെന്നും ധാര്‍മികത കണക്കിലെടുത്ത് തത്കാലത്തേക്ക് മാറിനില്‍ക്കുന്നുവെന്നും പറഞ്ഞാണ് കര്‍ണാടക ഗ്രാമവികസന മന്ത്രി കെ എസ് ഈശ്വരപ്പ രാജിപ്രഖ്യാപനം നടത്തിയത്.
Also read: കരാറുകാരന്‍റെ മരണം: കെഎസ് ഈശ്വരപ്പയെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ്
ആർഡിപിആർ വകുപ്പുമായി ബന്ധപ്പെട്ട് കരാര്‍ നല്‍കുന്നതില്‍ 40 ശതമാനം കമ്മിഷൻ ആവശ്യപ്പെട്ടെന്നായിരുന്നു ഈശ്വരപ്പയ്‌ക്കെതിരായ ആരോപണം. മന്ത്രി കൈക്കൂലി ആവശ്യപ്പെട്ടെന്ന് കാണിച്ച് സന്തോഷ് പാട്ടീല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മാധ്യമങ്ങള്‍ക്കും കത്തയച്ചിരുന്നു. കൈക്കൂലി ആരോപണം ഉന്നയിച്ച കരാറുകാരൻ സന്തോഷ് കെ പാട്ടീലിനെ ഉഡുപ്പിയിലെ ഒരു ലോഡ്‌ജിൽ ചൊവ്വാഴ്‌ച (12.03.2022) ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തുകയായിരുന്നു.