കൊച്ചി: ജി. സുരേഷ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'എറുമ്പ്' പ്രദർശനത്തിനൊരുങ്ങുന്നു. ബേബി മോനിക്ക ശിവ, ജോർജ് മര്യൻ, എം.എസ്. ഭാസ്‌കർ, ചാർലി, സുസന്നെ ജോർജ്, ജഗൻ, ശക്തി ഋതിക്ക്, പറവൈ സൗന്ദ്ര മ്മാൾ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ജൂൺ 23 ന് തിയറ്ററുകളിലെത്തും. 'നിങ്ങളുടെ കുട്ടിക്കാലത്തേക്ക് മടങ്ങൂ' എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.
ഗ്യാലക്‌സി സിനിമയാണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. ചിത്രം നിർമിക്കുന്നത് സുരേഷ് ഗുണശേഖരൻ ആണ്. കെ എസ് കാളിദാസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് എം ത്യാഗരാജൻ ആണ്. തമിഴെ ആനന്ദൻ, അരുൺ ഭാരതി എന്നിവരുടെ വരികൾക്ക് അരുൺ രാജ് സംഗീതം പകരുന്നു. പി ആർ ഒ- എ എസ് ദിനേശ്.
'മൊയ്‌ഡർ' വരുന്നു ശക്തമായ പ്രമേയവുമായി: കുട്ടികൾക്കും മാതാപിതാക്കൾക്കും വേണ്ടിയുള്ള ബോധവത്‌കരണ ചിത്രമായി ഒരു സിനിമ അണിയറയില്‍ ഒരുങ്ങുന്നു. നവാഗതനായ എസ്‌പിഎസ് നെന്മാറ കഥ, തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'മൊയ്‌ഡർ' ആണ് ഏറെ കാലിക പ്രസക്തിയുള്ള കഥ പറയാൻ എത്തുന്നത്. ഐ മൂവീ മേക്കേഴ്‌സിന്‍റെ ബാനറിൽ വി ഡി മണിക്കുട്ടൻ നിർമിക്കുന്ന ഈ സിനിമ സമൂഹത്തിൽ നമ്മളാരുമറിയാതെ കുട്ടികൾ നേരിടുന്ന മാനസിക സമ്മർദത്തെ ആസ്‌പദമാക്കിയുള്ളതാണ്.
കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്‍റെ പൂജ, ലോഗോ ലോഞ്ച് ചടങ്ങും ശ്രദ്ധ നേടിയിരുന്നു. ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങ് പതിവ് ശൈലിയിൽ നിന്നും വേറിട്ട് പുതിയൊരു മാതൃക കൂടിയാണ് തീർത്തത്. അറുനൂറോളം സിനിമകൾക്ക് സിത്താറിന്‍റെ ഈണം പകർന്ന പണ്ഡിറ്റ് ഐ കൃഷ്‌ണകുമാർ ജി എന്ന അതുല്യ കലാകാരനെ ആദരിച്ച് കൊണ്ടായിരുന്നു അണിയറക്കാർ സിനിമയ്‌ക്ക് തുടക്കമിട്ടത്. നമുക്കിടയില്‍ ഉണ്ടായിട്ടും അറിയപ്പെടാതെ പോകുന്ന കലാകാരന്മാരെ ആദരിക്കുക എന്ന പുതിയ കാഴ്‌ചപ്പാടിനാണ് ഇതിലൂടെ തുടക്കം കുറിച്ചത്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശബ്‌ദം ഉയർത്തുന്ന 'മൊയ്‌ഡർ' കുട്ടികൾക്കും മാതാപിതാക്കൾക്കും വേണ്ടിയുള്ള ബോധവത്‌കരണ ചിത്രമാണ്. പുതുമുഖതാരം ഷിഫാനിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്.
READ MORE: MOEDER| ശക്തമായ പ്രമേയവുമായി 'മൊയ്‌ഡർ' വരുന്നു; മാതൃകയായി പൂജ ചടങ്ങ്
അനിൽദേവിന്‍റെ ആദ്യ സംവിധാന സംരംഭം 'കട്ടീസ് ഗ്യാങ്' തുടങ്ങി: നവാഗതനായ അനിൽദേവ് സംവിധാനം ചെയ്യുന്ന "കട്ടീസ് ഗ്യാങ്" എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിന് ഹൈദരാബാദില്‍ തുടക്കമായി. ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽതാഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിലാണ് ആരംഭിച്ചത്.
ഓഷ്യാനിക്ക് സിനിമാസിൻ്റെ ബാനറിൽ സുഭാഷ് രഘുറാം സുകുമാരൻ നിർമിക്കുന്ന ചിത്രത്തില്‍ സംവിധായകൻ അജയ് വാസുദേവ്, പ്രമോദ് വെളിയനാട്, സൗന്ദർ രാജൻ, മൃദുൽ, അമൽരാജ് ദേവ്, വിസ്‌മയ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.