ലഖ്‌നൗ : താൽപര്യത്തിന് വിരുദ്ധമായി മകൻ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തിൽ മരുമകളേയും കുടുംബാംഗങ്ങളേയും കുത്തിപ്പരിക്കേൽപ്പിച്ച മധ്യവയസ്‌കൻ പിടിയിൽ. ഉത്തർപ്രദേശിലെ താക്കൂർഗഞ്ചിലെ ഗൗഘത്ത് സ്വദേശിയായ അൻവറാണ് പിടിയിലായത്. ആക്രമണത്തിൽ പരിക്കേറ്റ നിദ (22), നിദയുടെ അമ്മ സറീന (50), സഹോദരി നദിയ(20) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അൻവറിന്‍റെ ഇഷ്‌ടത്തിന് വിരുദ്ധമായാണ് മകൻ സൽമാൻ നിദയെ വിവാഹം കഴിച്ചത്. ഇതിനെത്തുടർന്ന് ഇരുവരും തമ്മിൽ തർക്കത്തിലായിരുന്നു. ഇതിനിടെ ശനിയാഴ്‌ച സൽമാൻ നിദയുടെ വീട്ടിലേക്ക് പോയി. തുടർന്നുണ്ടായ തർക്കത്തിനിടെ പ്രതി കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇവരെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
അക്രമം നടന്നതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടനെ തന്നെ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അൻവറിനെ പിടികൂടിയത്. ഇയാളിൽ നിന്ന് കുത്താൻ ഉപയോഗിച്ച കത്തിയും കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റ മൂന്ന് പേരുടേയും നില ഗുരുതരമായി തുടരുകയാണ്.